അജ്മാന്: അജ്മാനില്‍നിന്ന് ബസില്‍ യാത്രചെയ്ത് 10 വയസ്സുകാരന് എക്സ്പോയിലെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. അജ്മാന് അല്‍ അമീര്‍ സ്കൂളിലെ നാലാം ക്ലാസുകാരന് അമീന് അഷ്റഫാണ് അജ്മാനില്‍നിന്നുള്ള ബസില്‍ കയറി തനിച്ച് എക്സ്പോയിലെ മുഴുവന്‍ രാജ്യങ്ങളും കണ്ട് മടങ്ങിയത്. ആദ്യത്തെ രണ്ടുതവണ മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പമാണ് അമീന് ദുബൈ 2020 എക്സ്പോയില്‍ എത്തിയത്.
പിന്നീടുള്ള യാത്രകള്‍ അജ്മാന് അല്‍ തല്ലയിലെ പുതിയ ബസ് സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന സൗജന്യ ബസ് സര്‍വിസിനെ ആശ്രയിച്ചായിരുന്നു. സഹോദരി ശിഫാന ഓണ്‍ലൈനില്‍ എക്സ്പോ സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് എടുത്തുകൊടുക്കും. മാതാവ് ഒരുക്കിനല്‍കുന്ന ഭക്ഷണവും ഒരു ഫോണും കൈയില്‍ കരുതും. സഹോദരന് ഷാഫി ബസ് സ്റ്റേഷനില്‍ കൊണ്ടുവിടും. അജ്മാനില്‍നിന്ന് ഏകദേശം ഒരുമണിക്കൂര്‍ നേരത്തെ സൗജന്യ ബസ് യാത്ര. ദുബൈ എക്സ്പോയിലേക്ക്.
അവിടെ ചെന്നിറങ്ങിയാല്‍ പരമാവധി കറങ്ങും. ആദ്യം നൂറു രാജ്യങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ മഞ്ഞ മാറി വെള്ള നിറത്തിലുള്ള പാസ്പോര്‍ട്ട് ലഭിച്ചു. ആറുതവണ കയറിയിറങ്ങിയാണ് അമീന് മുഴുവന്‍ രാജ്യങ്ങളും കണ്ടുതീര്‍ത്തത്. തിരിച്ചുവരുന്നതും അജ്മാനിലേക്കുള്ള ബസില്‍ കയറി തന്നെ. ബസില്‍ കയറിയാല്‍ വീട്ടിലേക്ക് വിളിക്കും. ബസ് ഡ്രൈവര്‍ക്ക് ഫോണ്‍ കൊടുത്ത് വീട്ടുകാര്‍ ബസ് അജ്മാനിലേക്കുള്ളത് തന്നെയെന്ന് ഉറപ്പുവരുത്തും.
തിരികെ അജ്മാനിലെ ബസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ വീട്ടില്‍നിന്ന് വിളിക്കാന്‍ ആളെത്തും. യു.എ.ഇ, അലിഫ്, സൗദി, ലക്സംബർഗ്, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ പവിലിയനുകളാണ് തന്നെ വിസ്മയിപ്പിച്ചതെന്ന് അമീന് അഷറഫ് പറയുന്നു. ചില പവിലിയനുകള്‍ ഇനിയും ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹം ബാക്കിയിരിക്കെയാണ് ലോക വിസ്മയമായ ദുബൈ എക്സ്പോ 2020ന് കൊടിയിറങ്ങുന്നത് എന്ന ദുഃഖവും വേദനയോടെ പങ്കുവെക്കുകയാണ് താമരശ്ശേരി സ്വദേശികളായ അഷ്റഫ്-സോഫി ദമ്പതികളുടെ മകന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.