ദുബൈ: കോവിഡാനന്തരം ലോകത്തെ ആരോഗ്യ മേഖലയിൽ വരുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തി നാലുദിവസം നീണ്ട അറബ് ഹെൽത്ത് പ്രദർശനത്തിന് സമാപനം. മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ മെഡിക്കൽ രംഗം നേരിട്ട പ്രതിസന്ധികളെ ചർച്ചക്കെടുക്കുകയും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് ഭാവിയിൽ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ മറികടക്കാം എന്നതിന് പരിപാടിയിൽ നിർദേശങ്ങളുയരുകയും ചെയ്തു.
ഡിജിറ്റൽ ടെക്നോളജി, ക്ലൗഡ് ബേസ്ഡ് സെല്യൂഷൻ, നിർമിത ബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിങ് തുടങ്ങിയ പുതു സാങ്കേതികവിദ്യകളെ ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നതിനെറ സാധ്യതകൾ വിവരിക്കുന്ന നിരവധി സ്റ്റാളുകൾ പ്രദർശനത്തിെൻറ ഭാഗമായി. 46ാമത് അറബ് മെൽത്ത് പ്രദർശനത്തിന് 62രാജ്യങ്ങളിൽ നിന്നായി 1500ലേറെ കമ്പനികൾ എത്തി. വിവിധ രാജ്യങ്ങളിൽ നിന്നായി ആരോഗ്യ രംഗത്തെ പുതിയ സാധ്യതകൾ പഠിക്കാനായി ആയിരക്കണക്കിന് സന്ദർശകരും പങ്കുചേർന്നു.
പ്രധാനമായും ജർമനി, ദക്ഷിണ കൊറിയ, ഫ്രാൻസ്, യു.എസ്.എ, ഇറ്റലി എന്നീ രാജ്യങ്ങളുടെ പ്രദർശനം ഏറെപ്പേരെ ആകർഷിച്ചു. കാനൻ, ഫിലിപ്സ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളടക്കം ഏറ്റവും പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. കാർഡിയോളജി, ന്യൂറോളജി, സർജറി, യൂറോളജി, ഓങ്കോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശനത്തിന് എത്തിയിരുന്നു.
സാങ്കേതികവിദ്യയും നവീകരണവും മെഡിക്കൽ വ്യവസായത്തിെൻറ ഭാവിയെ നിർണയിക്കുന്നതാണെന്നും യു.എ.ഇ ആരോഗ്യ സംരക്ഷണ മേഖലയിലും അന്താരാഷ്ട്ര തലത്തിലും വിപുലമായ പുതിയ സാധ്യതകളും അവസരങ്ങളും ഇത് സൃഷ്ടിക്കുമെന്നും പ്രദർശനം ഡയറക്ടർ റോസ് വില്ല്യംസ് പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ വ്യവസായത്തെ കോവിഡാനന്തരം മുന്നോട്ടു നയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദർശനത്തിന് എത്തിയ നിരവധി കമ്പനികൾ വലിയ ബിസിനസ് നേടിയെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ബിസിനസ് കമ്പനികൾ നേടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ഏറ്റവും പുതിയ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾക്കാണ് പ്രധാനമായും കൂടുതൽ കച്ചവടമുണ്ടായത്. കേവിഡ് സംബന്ധമായ ചർച്ചകളാണ് പ്രധാനമായും വിവിധ സെഷനുകളിൽ നടന്നത്. കോവിഡ് പ്രതിരോധത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.