ദുബൈ: രോഗിയുടെ മെഡിക്കൽ വിവരങ്ങൾ ശേഖരിച്ചുവെക്കുന്ന ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനമായ 'സലാമ'യുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നു. രോഗികളുടെ രേഖകൾ ദുബൈയിലെ ഏത് ആശുപത്രിയിൽ ചികിത്സ തേടിയാലും ലഭ്യമാക്കുന്ന സംവിധാനമാണ് സലാമ.
ഡി.എച്ച്.എ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്പെഷാലിറ്റി കേന്ദ്രങ്ങൾ തുടങ്ങി 30 ക്ലിനിക്കൽ സംവിധാനങ്ങൾ നിലവിൽ സലാമയുടെ ഭാഗമാണ്.
ഇതിന് പുറമെ അർധസർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ ലാബുകളെയും ഇപ്പോൾ സംവിധാനത്തിന്റെ ഭാഗമാക്കി പ്രവർത്തനം വിപുലമാക്കിയതായി അധികൃതർ അറിയിച്ചു. നിലവിൽ 50 ലക്ഷം രോഗികളുടെ വിവരങ്ങൾ ഇതിൽ ലഭ്യമാണ്.
ആശുപത്രികളിൽ അപ്പോയ്ൻമെന്റ് ലഭിക്കുന്നതിനും ടെലിഹെൽത്ത് സേവനങ്ങൾ കാര്യക്ഷമമാക്കാനും സലാമയിലെ വിവരങ്ങൾ നിർണായകമാകാറുണ്ട്. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ അവരുടെ മുറികളിലെത്തിക്കുക, രോഗികൾ നിരന്തരം ഉപയോഗിക്കുന്ന മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുക, കുടുംബാംഗങ്ങളുടെ മെഡിക്കൽ രേഖകൾ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എച്ച്.എ ഐ.ടി ഡയറക്ടർ ഖൈതം അൽശംസി പറഞ്ഞു.
ഡോക്ടർമാർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും നിർദേശങ്ങൾ കുറിച്ചുവെക്കാനും മരുന്നുകൾ ഓർഡർ ചെയ്യാനും സലാമയിൽ സൗകര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.