മികച്ച കോളേജ് അലുംനിക്ക്​​ ‘കമോൺ കേരള’​​യിൽ ആദരമൊരുക്കുന്നു

മികച്ച കോളേജ് അലുംനിക്ക്​​ ‘കമോൺ കേരള’​​യിൽ ആദരമൊരുക്കുന്നു

ദുബൈ: കലാലയ ജീവിതത്തിന്‍റെ സൗഹൃദത്തെ പ്രവാസത്തിലേക്ക്​ ചേർത്തുവെച്ച്​ സാമൂഹിക ബന്ധങ്ങൾക്ക്​ കരുത്തുപകരുന്ന ഏറ്റവും മികച്ച കോളേജ്​ അലുംനി കൂട്ടായ്മക്ക്​ ‘കമോൺ കേരള’യുടെ പ്രൗഢ വേദിയിൽ ആദരമൊരുക്കുന്നു. ‘അലുംനി ഇംപാക്ട്​ അവാർഡ്​’ എന്ന പേരിലാണ്​ മികച്ച അലുംനിയെ തെരഞ്ഞെടുത്ത്​ ആദരിക്കുന്നത്​. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്​ചാത്തലത്തിലാണ്​ സംരംഭം നടപ്പിലാക്കുന്നത്​.

സാമൂഹിക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് വർഷാചരണത്തിന്‍റെ രാജ്യത്ത്​ നടപ്പാക്കുന്നത്​. ഈ സാഹചര്യത്തിൽ കുടുംബ സൗഹൃദങ്ങൾ ശക്​തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുംനികൾ നൽകുന്ന സംഭാവനകളെ ആദരിക്കുകയാണ്​ അവാർഡ്​ ലക്ഷ്യമിടുന്നത്​. മേയ്​ 9, 10, 11 തിയ്യതികളിൽ ഷാർജ എക്സ്​പോ സെൻററിലാണ്​ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷൻ അരങ്ങേറുന്നത്​. മേളയുടെ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തിലാണ്​ മികച്ച കോളേജ്​ അലുംനിയുടെ പ്രഖ്യാപനവും അവാർഡ്​ദാനവും നടക്കുക.

അപേക്ഷ സമർപ്പിക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക

യു.എ.ഇയിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കോളേജ്​ അലുംനി അസോസിയേഷനുകളെയാണ്​ ‘അലുംനി ഇംപാക്ട്​ അവാർഡി’നായി പരിഗണിക്കുന്നത്​. അവാർഡ്​ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഏപ്രിൽ 10ന്​ മുമ്പായി അപേക്ഷ നൽകണം. കൂട്ടായ്മയെ കുറിച്ചും വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ കുറിച്ചും പ്രാഥമികമായ വിവരങ്ങൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം​. സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾ, കുടുംബ സംഗമങ്ങൾ, കായിക പരിപാടികൾ, പരിസ്ഥിതി-സുസ്ഥിരത എന്നിവക്കായുള്ള പദ്ധതികൾ, ആരോഗ്യ-വിദ്യഭ്യാസ മേഖലകളിലെ ഇടപെടലുകൾ, കോളേജിന്​ വേണ്ടി നടത്തിയ ഇടപെടലുകൾ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇടപെടലുകളായി പരിഗണിക്കപ്പെടും.

2024 മാർച്ച്​ മുതൽ 2025 മാർച്ച്​ വരെയുള്ള പ്രവർത്തനങ്ങളാണ്​ വിലയിരുത്തുക. പ്രവർത്തനങ്ങൾ യു.എ.ഇയിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കണം. അപേക്ഷകരിൽ നിന്ന്​ ഏറ്റവും മികച്ചുനിൽക്കുന്ന 10 അലുംനി അസോസിയേഷനുകളെ അവാർഡിനായുള്ള അവസാനഘട്ടത്തിലേക്ക്​ തെരഞ്ഞെടുക്കും. അന്തിമ പട്ടികയിൽ ഇടംപിടിക്കുന്ന ഈ അസോസിയേഷനുകളെ കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ പ്രത്യേക സ്​റ്റോറി പ്രസിദ്ധീകരിക്കും. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ സ്​റ്റോറി പ്രസിദ്ധീകരിച്ച ശേഷം ഓൺലൈൻ വോട്ടിങിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകും. വോട്ടിങിലെ മികവും വിദഗ്​ധരടങ്ങുന്ന പാനലിന്‍റെ അഭിപ്രായവും കൂടി പരിഗണിച്ചാണ്​ ജേതാവിനെ തെര​ഞ്ഞെടുക്കുക. അപേക്ഷാ ലിങ്ക്​: https://forms.gle/VrM834czn4ZgQyw97

Tags:    
News Summary - Alumni Impact Award in Come On Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.