ഷാർജ: എക്‌സ്‌പോഷർ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷനിൽ സ്കൂബ ആൻഡ് അണ്ടർവാട്ടർ ഫോട്ടോഗ്രഫിയുടെ പവലിയനിൽ ഒരുക്കിയ ജലാശയം ശ്രദ്ധേയമാകുന്നു. ആർത്തിരമ്പുന്ന കടലുകൾക്കും സമുദ്രങ്ങൾക്കും നദികൾക്കും അടിയിലായി അതിശയിപ്പിക്കുന്ന മറ്റൊരു ലോകം കൂടിയുണ്ടെന്നും നാം അധിവസിക്കുന്ന ചുറ്റുപാടിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലോകമാണതെന്നും അടയാളപ്പെടുത്തുന്ന അണ്ടർ വാട്ടർ ഫോട്ടോഗ്രാഫർമാരുടെ സാഹസികത നേരിട്ടാസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ട്. കുമിളകൾ നിറഞ്ഞ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളും വിചിത്രങ്ങളായ ജീവജാലങ്ങളും ലെൻസുകളിൽ വിസ്മയങ്ങൾ കോർക്കുന്നു.
കരയിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായി, പ്രകാശത്തിന്റെ ചലനങ്ങളും വ്യതിയാനങ്ങളും പ്രത്യേകം ലെൻസുകൾ ഉപയോഗിച്ച് പകർത്തുന്ന ഫോട്ടോഗ്രാഫർ ഒരേ സമയം അംഗീകൃത സ്കൂബ ഡൈവിങ് വിദഗ്ധരുമായിരിക്കണമെന്ന് കാണിച്ചുതരുന്നുണ്ട് പ്രദർശനം. സ്കൂബ ഡൈവിങ് എന്നാൽ ജലാന്തര്‍ഭാഗത്ത് ഉപയോഗപ്പെടുത്തുന്ന ശ്വസനോപകരണം എന്നാണ്. ഓക്സിജൻ അടങ്ങിയിരിക്കുന്ന മെറ്റൽ ടാങ്കാണ് സ്കൂബ ടാങ്ക്. ഒരു വാൽവ് മുഖേന ഓക്സിജൻ വായിലേക്ക് കൊടുക്കുന്നു. അണ്ടർവാട്ടർ ഫോട്ടോഗ്രഫിക്ക് പുറപ്പെടുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന പാഠം കൂടി പകരുന്നുണ്ട് എക്‌സ്‌പോഷർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.