അബൂദബി: അബൂ മുറൈഖയിൽ നിർമിക്കുന്ന ബാപ്‌സ് ഹൈന്ദവ ക്ഷേത്ര നിർമാണം യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ വിലയിരുത്തി. സ്വാമിനാരായണൻ സൻസ്ത സ്ഥാപിച്ച ബാപ്‌സ് ക്ഷേത്ര സമിതിക്കു കീഴിലാണ് അബൂദബി സർക്കാർ അനുവദിച്ച സ്ഥലത്ത് പ്രഥമ ഹൈന്ദവ ക്ഷേത്രം നിർമിക്കുന്നത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. ഹിന്ദു സമുദായ നേതാവും അബൂദബിയിലെ ബി.എ.പി.എസ് ഹിന്ദു മന്ദിർ മേധാവിയുമായ പൂജ്യ ബ്രഹ്മവിഹാരി സ്വാമിയുമായി ചർച്ച നടത്തിയാണ് ക്ഷേത്രത്തിെൻറ നിർമാണം സംബന്ധിച്ച് അവലോകനം നടത്തിയത്.
പരമ്പരാഗത ഹിന്ദുക്ഷേത്രത്തിെൻറ എല്ലാ വശങ്ങളും സവിശേഷതകളും ഉൾപ്പെടുന്ന ക്ഷേത്രം ഇന്ത്യയിലെ പരമ്പരാഗത പുരാതന ശിലാ വാസ്തുവിദ്യയിലാണ് നിർമിക്കുന്നത്.
ക്ഷേത്രനിർമാണ പ്രവർത്തനങ്ങളെ ശൈഖ് അബ്ദുല്ല ബിൻ സായിദ് പ്രശംസിച്ചതായി ബ്രഹ്മവിഹാരി സ്വാമി ചൂണ്ടിക്കാട്ടി. ബി.എ.പി.എസ് ആത്മീയ തലവൻ മഹാന്ത് സ്വാമി മഹാരാജിനുവേണ്ടി ബ്രഹ്മവിഹാരി, ശൈഖ് അബ്ദുല്ലക്ക് ക്ഷേത്രഗോപുരത്തെ പ്രതിനിധാനം ചെയ്തുള്ള സ്വർണ സ്മാരക ഉപഹാരം സമ്മാനിച്ചു. രാജ്യത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2022 ൽ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറും പങ്കെടുത്തു. അബൂദബി നഗരാതിർത്തിക്കു വെളിയിൽ അബൂദബി - ദുബൈ ഹൈവേക്കു സമീപം അബു മുറൈഖയിലാണ് ക്ഷേത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.