ദുബൈ: ഇസ്രായേൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ നിവാസികളെ സഹായിക്കുന്നതിനായി എമിറേറ്റ്സ് റെഡ് ക്രസന്റും ദുബൈ കെയേഴ്സും ശേഖരിച്ച ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്ന പ്രവൃത്തി ദുബൈയിൽ ആരംഭിച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ദുബൈ-അൽ ഐൻ റോഡിലെ ഖലാത്ത് അൽറിമാൽ ഹാളിലാണ് പാക്കിങ്ങിന്റെ ഒന്നാം ഘട്ടം ആരംഭിച്ചത്. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ ആയിരത്തോളം പേരാണ് പാക്കിങ് നടത്തുന്നത്. ആകെ 25,000 പൊതികൾ പാക്ക് ചെയ്യാനാണ് പദ്ധതി. പാക്കിങ്ങിന്റെ രണ്ടാം ഘട്ടം ഞായറാഴ്ച അബൂദബിയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പാക്കിങ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. കമ്യൂണിറ്റി വികസന മന്ത്രാലയത്തിനാണ് സംരംഭത്തിന്റെ ഏകീകരണ ചുമതല.
ഗസ്സ അതിർത്തിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കാനായി യു.എ.ഇ ആരംഭിച്ച ‘തരാഹും’ സംരംഭത്തിന് ദുബൈയിൽനിന്ന് വൻ പ്രതികരണം ലഭിച്ചിരുന്നു. നിവാസികൾക്കൊപ്പം ദുബൈയിലെ പ്രവാസി സമൂഹവും ഷോപ്പുടമകളും വലിയ തോതിലുള്ള സഹായമാണ് സംരംഭത്തിലേക്ക് സംഭാവനയായി നൽകിവരുന്നത്.
സ്ത്രീകളും കുട്ടികളും രാവിലെ പാക്കിങ്ങിനായി സജ്ജമായിരുന്നു. തങ്ങളുടെ സഹോദരങ്ങൾക്ക് കഴിയാവുന്ന സഹായങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഷാർജയിൽ നിന്നുള്ള മറിയം പറഞ്ഞു. അവശ്യവസ്തുക്കൾ ഗുണനിലവാര നിയന്ത്രണ സമിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പാക്കിങ് നടത്തി സീൽ ചെയ്യുന്നത്. ഈ പാക്കുകൾ കയറ്റി അയക്കുന്നതിനായി എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഗോഡൗണിലേക്ക് മാറ്റും. അന്താരാഷ്ട്ര അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറക്ക് ഉൽപന്നങ്ങൾ ഈജിപ്തിലേക്കും അവിടെ നിന്ന് റഫ അതിർത്തി വഴി ഗസ്സയിലും എത്തിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.