ദുബൈ: കഴിഞ്ഞ മാസങ്ങളിലായി ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലികി’ന്റെ ഓഹരിനിരക്കിൽ വലിയ വർധന. മൂന്നു മാസത്തിനിടെ 35 ശതമാനത്തിലേറെ നിരക്ക് വർധിച്ചിട്ടുണ്ട്. രണ്ട് സാലിക്ക് ഗേറ്റുകൾ കൂടി നിർമിക്കുമെന്ന പ്രഖ്യാപനം കൂടി പുറത്തുവന്നതാണ് ഓഹരി വിപണിയിൽ ‘സാലികി’നെ ശക്തിപ്പെടുത്തിയത്.
പുതിയ ഗേറ്റുകളുടെ പ്രഖ്യാപനം വന്നതോടെ ഓഹരിക്ക് 3.72 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തി. ഇതനുസരിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം ഒരു ദിർഹമാണ് ഓഹരി വില കൂടിയത്. അതേസമയം ഹ്രസ്വകാല നിക്ഷേപകർ ഓഹരികൾ വിൽക്കാൻ തുടങ്ങിയതോടെ ചൊവ്വാഴ്ച നിരക്ക് 1.4 ശതമാനം വരെ കുറഞ്ഞിട്ടുമുണ്ട്.
2022 സെപ്റ്റംബർ 29ന് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ട ‘സാലികി’ന്റെ നിരക്കിൽ ഇതിനകം 75 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. കുറഞ്ഞ മൂലധനം ആവശ്യമുള്ള ബിസിനസ് നിക്ഷേപാവസരം എന്നനിലയിൽ ഓഹരി വിപണിയിൽ പ്രവേശിച്ചയുടൻ തന്നെ വലിയ തിരക്കാണ് ഇത് സ്വന്തമാക്കാനുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ‘സാലിക്’ ഓഹരി ഉടമകൾക്ക് 49 കോടി ദിർഹം ലാഭവിഹിതം വിതരണം ചെയ്തിരുന്നു. 2023 മുതൽ, അറ്റാദായത്തിന്റെ 100 ശതമാനം ലാഭവിഹിതമായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നടപ്പാക്കുന്നതോടെ ഓഹരികളുടെ ആവശ്യം വീണ്ടും ഉയരാനും സാധ്യതയുണ്ട്.
അതോടൊപ്പം ഇമാർ മാളുകളുടെ പാർക്കിങ് ഓപറേഷൻ കൂടി സാലിക് ഏറ്റെടുക്കുന്നതോടെ വീണ്ടും ലാഭം വർധിക്കാനും നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും കഴിഞ്ഞേക്കും. ബിസിനസ് ബേ ക്രോസിങ്ങിലും അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ ‘സാലിക്’ സ്ഥാപിക്കുന്നത്. നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. അൽഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെയാണ് ബിസിന് ബേ ക്രോസിങ്ങിൽ റോഡ് ചുങ്കമായ സാലിക് ഈടാക്കിത്തുടങ്ങുക. നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ അൽസഫയിൽ നിലവിലുള്ള ടോൾഗേറ്റിനു പുറമേ അൽ മെയ്ദാൻ, ഉമ്മുശരീഫ് സ്ട്രീറ്റുകൾക്കിടയിൽ അൽസഫ സൗത്ത് എന്ന പേരിൽ മറ്റൊരു ടോൾ ഗേറ്റും പ്രവർത്തനമാരംഭിക്കും. അൽ സഫയിലെ ഒരു ടോൾ ഗേറ്റ് കടന്ന് ഒരു മണിക്കൂറിനകം രണ്ടാമത്തെ ഗേറ്റ് കൂടി കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ.
നിലവിൽ എട്ടിടങ്ങളിലാണ് ദുബൈ നഗരത്തിൽ സാലിക് ഗേറ്റുകളുള്ളത്. പുതിയ രണ്ടെണ്ണം കൂടി സ്ഥാപിക്കുന്നതോടെ ടോൾഗേറ്റുകളുടെ എണ്ണം പത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.