അബൂദബി: യു.എ.ഇയിൽ ജൂൺ 15ന് ആരംഭിച്ച ഉച്ചവിശ്രമ നിയമം ബുധനാഴ്ച അവസാനിക്കും. തുറസ്സായ സ്ഥലങ്ങളിൽ സൂര്യാതപമേറ്റ് ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിൽ ചെയ്യുന്നതിനുള്ള നിരോധനമാണ് 92 ദിവസങ്ങൾക്കു ശേഷം ബുധനാഴ്ച അവസാനിക്കുക.
തുടർച്ചയായ 17ാം വർഷമാണ് ഉച്ച വിശ്രമ നിയമം യു.എ.ഇയിൽ സുരക്ഷിതമായി കോവിഡ് വ്യാപനത്തിനിടയിലും ഇത്തവണ നടപ്പാക്കിയത്. ജൂൺ 15 മുതൽ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിൽ തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് മധ്യാഹ്ന വിശ്രമം നടപ്പാക്കിയത്.
കോവിഡ് -വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികളോടെയായിരുന്നു ഇക്കുറി ഉച്ചവിശ്രമം രാജ്യത്തുടനീളം നടത്തിയത്. തൊഴിലാളികളെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ജോലി സ്ഥലത്തും വിശ്രമസ്ഥലങ്ങളിലും ഉറപ്പാക്കിയിരുന്നു.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കേസുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മന്ത്രാലയത്തിൽ നാല് ഭാഷകളിൽ എല്ലാ സമയത്തും വിളിച്ച് പരാതികൾ പറയാനുള്ള സൗകര്യവും ഏർപ്പെടുത്തി. പരാതി സംബന്ധിച്ചും നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രത്യേക നടപടിക്രമങ്ങൾ മന്ത്രാലയം സ്വീകരിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷ നടപടികളും ഉച്ച വിശ്രമനിയമവും കർശനമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം എല്ലാ സ്ഥാപനങ്ങളും കമ്പനികളും നിർവഹിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഒട്ടേറെ സർക്കാർ, സ്വകാര്യ ഏജൻസികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് സൂര്യാതപ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധവും മാർഗനിർദേശങ്ങളും കർശനമായാണ് തൊഴിൽ സ്ഥലത്ത് നടപ്പാക്കിയത്.
തൊഴിലാളികൾക്ക് മനസ്സിലാക്കുന്ന ഭാഷയിൽ ദൈനംദിന ജോലി സമയ ഷെഡ്യൂൾ ജോലി സൈറ്റിൽ എല്ലാവരും കാണുംവിധം പ്രദർശിപ്പിച്ചിരുന്നു.
മൊബൈൽ ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന പരിക്കുകളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും തൊഴിൽ നിയമത്തിൽ നിർദേശിച്ച എല്ലാ പ്രതിരോധ സുരക്ഷ മാർഗങ്ങളും നടപ്പാക്കുന്നതിനും ജോലി സ്ഥലങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.