ദുബൈ: ഏഴുമാസം മുമ്പ് വരെ കലപിലകളാൽ നിറഞ്ഞ ക്ലാസ് മുറിയായിരുന്നു ഇത്. ഇപ്പോൾ ഇവിടെ ഒരാൾ മാത്രം, ഫിദ ഫാത്തിമ. ഷാർജ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ സയൻസ് ക്ലാസ് മുറിയിലാണ് ഒറ്റയാൾ പഠനത്തിനായി ഫിദ എത്തുന്നത്. കൂടെയുള്ള 39 കുട്ടികളും ഓൺലൈൻ പഠനം തിരഞ്ഞെടുത്തപ്പോൾ ഫിദ മാത്രം സ്കൂളിൽ നേരിട്ടെത്താൻ തീരുമാനിക്കുകയായിരുന്നു. അധ്യാപകർക്കും മാനേജ്മെൻറിനും പെരുത്ത് സന്തോഷവും.
മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിനാണ് കൊടുങ്ങല്ലൂർ കോതപറമ്പ് പോനാക്കുഴി ഫൈസൽ റഷീദിെൻറ മകൾ ഫിദ വേറിട്ട വഴി തിരഞ്ഞെടുത്തത്. നല്ല പ്രോത്സാഹനമാണ് അധ്യാപകരിൽനിന്ന് ലഭിക്കുന്നത്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ മാസ്ക്കിട്ട് പഠനം. സാധാരണപോലെ തന്നെ ടൈംടേബ്ൾ. ഓരോ മണിക്കൂർ കഴിയുേമ്പാഴും അധ്യാപകർ ക്ലാസെടുക്കാനെത്തും. ചില ദിവസങ്ങളിൽ ബാപ്പയോടൊപ്പമോ അല്ലെങ്കിൽ നടന്നോ ആണ് സ്കൂളിലേക്ക് പോകുന്നത്. ചെറുപ്രായത്തിൽ തന്നെ സോഷ്യൽ വർക്കർ കൂടിയാണ് ഫിദ. സ്കൂളിലെ കുട്ടിക്ക് ഫീസ് അടക്കാൻ കഴിയാതെ വന്നപ്പോൾ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി ധനശേഖരണം നടത്തിയിരുന്നു. അർബുദ രോഗികൾക്ക് മുടി നൽകണമെന്നതാണ് മറ്റൊരു ആഗ്രഹം.
മറ്റുള്ള രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പ്രചോദനമാവട്ടെ എന്നുകരുതിയാണ് മകളെ സ്കൂളിലേക്ക് അയക്കുന്നതെന്നും ഭയപ്പെടേണ്ട രോഗമല്ല കോവിഡെന്നും പിതാവ് ഫൈസൽ പറഞ്ഞു. നിരവധി അധ്യാപകരും ജീവനക്കാരുമാണ് സ്കൂളിനെ ആശ്രയിച്ച് ജീവിച്ചുപോകുന്നത്. വിദ്യാർഥികൾ എത്തിയില്ലെങ്കിൽ ഇവരുടെ ജീവിതവും അവതാളത്തിലാകുമെന്നും ഫൈസൽ പറയുന്നു.
ഇളയ മകൾ ഏഴാം ക്ലാസുകാരി ഫൈറൂസ് ഫാത്തിമയെയും സ്കൂളിൽ വിടാൻ ഒരുങ്ങുകയാണ് ഫൈസൽ. രണ്ടാം തീയതി ക്ലാസ് തുടങ്ങുേമ്പാൾ ഫൈറൂസിനെയും അയക്കും. ഇതേ സ്കൂളിലെ കെ.ജി അധ്യാപികയാണ് മാതാവ് ഫെർമിസ് ഫൈസൽ. ഷാർജ മുവൈലയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.