ദുബൈ: അബൂദബിയിൽ ആക്രമണം നടത്തിയ യമനിലെ ഹൂതികൾക്കെതിരെ കൂടുതൽ അന്താരാഷ്ട്ര നടപടികൾ അനിവാര്യമാണെന്ന് യു.എന്നിലെ യു.എ.ഇ അംബാസഡർ ലന നുസൈബ. യു.എൻ രക്ഷാസമിതി ചേംബറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. തിങ്കളാഴ്ചത്തെ ആക്രമണത്തിലൂടെ കൂടുതൽ സിവിലിയന്മാരെ കൊലപ്പെടുത്താൻ ഹൂതികൾ ലക്ഷ്യമിട്ടിരുന്നു. യു.എ.ഇ നടത്തിയ അന്വേഷണത്തിൽ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത് യമൻ തലസ്ഥാന നഗരിയായ സൻആയിൽനിന്നും മറ്റിടങ്ങളിൽ നിന്നുമാണെന്ന് കണ്ടെത്തിയതായും അവർ വെളിപ്പെടുത്തി.
ഇറാൻ പിന്തുണക്കുന്ന ഹൂതികളുടെ ലക്ഷ്യം പരമാവധി ആളുകളെ വധിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയുമായിരുന്നു. തീർച്ചയായും യു.എ.ഇക്ക് സ്വയം പ്രതിരോധിക്കാൻ കഴിവുണ്ട്. അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്കെതിരെയും രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ എല്ലാ അതിർത്തി കടന്നുള്ള കടന്നുകയറ്റങ്ങൾക്കുമെതിരെ പ്രതിരോധം ഉയർത്തും. ഇതിനകം നൂറിലേറെ രാജ്യങ്ങളും ആഗോള കൂട്ടായ്മകളും യു.എ.ഇക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട് -അവർ കൂട്ടിച്ചേർത്തു. 200ലേറെ രാജ്യക്കാർ താമസിക്കുന്ന സ്ഥലമാണ് യു.എ.ഇ. 60,000 അന്താരാഷ്ട്ര യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളമാണ് ഹൂതികൾ ലക്ഷ്യംവെച്ച അബൂദബി വിമാനത്താവളം. യു.എന്നിലെ ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ, കെനിയ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ഹൂതി ആക്രമണത്തെ അപലപിച്ച് കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഹീനമായ ഭീകരപ്രവർത്തനം എന്നുവിശേഷിപ്പിച്ച് ഐകകണ്ഠ്യേനയാണ് സമിതി ആക്രമണത്തെ തള്ളിപ്പറഞ്ഞത്. ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര രക്ഷാസമിതി വിളിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.