അബൂദബി: ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സ്വദേശമായ പഞ്ചാബിലെ അമൃത്സറിൽ എത്തിച്ചു. ഹർദീപ് സിങ്(29), ഹർദേവ് സിങ് എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരെന്നും അധികൃതർ വ്യക്തമാക്കി. അബൂദബി നാഷണൽ ഓയിൽ കമ്പനി(അഡ്നോക്)യിൽ ഡ്രൈവർമാരായിരുന്നു ഇരുവരും.
ഇരുവരുടെയും കുടുംബങ്ങളുമായി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ നേരിട്ട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മരണവാർത്ത അപ്രതീക്ഷിതമായിരുന്നുവെന്ന് കുടുംബങ്ങൾ പ്രതികരിച്ചതായി അംബാസഡർ പറഞ്ഞു. അമൃത്സർ സ്വദേശിയായ ഹർദീപ് സിങ് 10മാസം മുമ്പാണ് വിവാഹിതനായത്. കബഡി താരവുമായിരുന്നു. മാതാപിതാക്കളുടെ ഏക മകനായ ഇദ്ദേഹത്തിന്‍റെ വേർപാട് വലിയ ആഘാതമാണ് കുടുംബത്തിൽ സൃഷ്ടിച്ചതെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ കൊല്ലപ്പെട്ട പാകിസ്താൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചതായി ബന്ധുക്കൾ അറിയിച്ചു. മൂന്ന് കുടുംബങ്ങൾക്കും എല്ലാ സഹായവും നൽകുമെന്ന് യു.എ.ഇ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ അബൂദബി മുസഫയിലെ അഡ്നോക് എണ്ണ സംഭരണ കേന്ദ്രത്തിൽ ഹൂതി ആക്രമണത്തിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ ആറുപേരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. അതേസമയം അബൂദബി വിമാനത്താവളത്തിന്‍റെ നിർമാണ മേഖലയിലും ആക്രമണമുണ്ടായിരുന്നു. ഇതിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.