ദുബൈ: ഈ വർഷം അവസാനത്തോടെ യു.എ.ഇയിലെ 80 ശതമാനം കോടതി സേവനങ്ങളും ഓൺലൈനാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.ഇത് സംബന്ധിച്ച് നീതിന്യായ മന്ത്രാലയത്തിന് നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ഏറ്റവും വേഗത്തിൽ സുതാര്യമായി നീതി നടപ്പാക്കാനാണ് യു.എ.ഇയുടെ ലക്ഷ്യം.
മഹാമാരിയുടെ സമയത്ത് വിദൂര സംവിധാനങ്ങളിലൂടെ നീതിന്യായ ഇടപാടുകൾ നടത്തുന്നതിൽ യു.എ.ഇ വിജയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിവിധ മേഖലകളിൽ വിദൂര ജോലി സംവിധാനം നടപ്പാക്കി വിജയിച്ച പശ്ചാത്തലത്തിലാണ് യു.എ.ഇ നീതിന്യായ മേഖലയിലും ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ വിദൂര സംവിധാനം ഏർപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.
കോവിഡ് തുടങ്ങിയ ശേഷം ദുബൈ ലേബർ കോർട്ട് 3000 തൊഴിൽ തർക്കങ്ങൾ വിഡിയോ കോൺഫറൻസിലൂടെ പരിഹരിച്ചതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓൺലൈനിലെ പങ്കാളിത്തം അത്ഭുതാവഹമായിരുന്നുവെന്നും കോടതി നടപടികൾ പഴയ രീതിയിലേക്ക് തിരിച്ചുവന്നാലും ഓൺലൈൻ സംവിധാനം തുടരുമെന്നും ദുബൈ ലേബർകോടതി ചീഫ് ജസ്റ്റിസ് ജമാൽ അൽ ജാബരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.