അബൂദബി: അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴിലെ സ്കൂളുകളിൽ മൂന്ന് ആഴ്ചകൂടി ഓൺലൈൻ പഠനം തുടരും. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അബൂദബി ദേശീയ ക്രൈസിസ് കമ്മിറ്റി തീരുമാനപ്രകാരമാണ് വിദ്യാർഥികൾ നേരിട്ട് ക്ലാസ്മുറികളിൽ ഇരുന്നുള്ള പഠനം പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയത്.
ഡിസംബർ 11 മുതൽ തുടങ്ങിയ മൂന്ന് ആഴ്ചയുടെ ശൈത്യകാല അവധിക്കുശേഷം ജനുവരി മൂന്നുമുതൽ ഓൺലൈൻ ക്ലാസ് തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം മാത്രമായിരുന്നു. ജനുവരി 17 മുതൽ മുഴുവൻ ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിൽ എത്തി ക്ലാസ് മുറികളിലിരുന്നുള്ള പഠനരീതിയോ ഓൺലൈൻ പഠന രീതിയോ തെരഞ്ഞെടുക്കാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. അതനുസരിച്ച് സ്കൂളുകളും ബന്ധപ്പെട്ട വകുപ്പുകളും രക്ഷിതാക്കളും വേണ്ട മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. 12 ഉം അതിനു മുകളിലും പ്രായമുള്ള വിദ്യാർഥികൾ കഴിഞ്ഞദിവസങ്ങളിൽ കോവിഡ് പരിശോധനയും പൂർത്തിയാക്കിയിരുന്നു.
ദേശീയ കോവിഡ് വാക്സിനേഷൻ കാമ്പയിനിെൻറ ഭാഗമായി അബൂദബി വിദ്യാഭ്യാസ മാനവവിഭവശേഷി മന്ത്രാലയത്തിന് (അഡെക്ക്) കീഴിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകർക്കും ഇതര ജീവനക്കാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും. സ്കൂൾ ജീവനക്കാരുടെ സൗകര്യാർഥം ഓരോ സ്കൂളുകളിലും നേരിട്ടെത്തി ജീവനക്കാർക്ക് വാക്സിൻ നൽകുന്ന പ്രക്രിയ ഇന്നു മുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.