അബൂദബി: പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് അബൂദബിക്ക് സ്വന്തമായത് മൂന്നു ലോക റെക്കോഡുകൾ. അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിലാണ് പുതുവർഷപ്പിറവിയുടെ ആഘോഷത്തിലൂടെ ലോക റെക്കോഡുകൾ പിറന്നത്. പുതുവർഷത്തെ വരവേൽക്കാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ നടത്തിയ കരിമരുന്ന് പ്രകടനം 40 മിനിറ്റാണ് നീണ്ടുനിന്നത്. കരിമരുന്ന് പ്രകടനത്തിന്റെ വ്യാപ്തി, ദൈർഘ്യം, രീതി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ലോക റെക്കോഡ് ലഭിച്ചത്. കരിമരുന്ന് പ്രകടനത്തിനുപുറമെ ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രകടനവും സാംസ്കാരിക, നൃത്ത പരിപാടികളും അരങ്ങേറി. വൈകീട്ട് മൂന്നു മുതൽ അർധരാത്രിവരെ നീണ്ടുനിൽക്കുന്നതായിരുന്നു പുതുവർഷ ആഘോഷങ്ങൾ.
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളോടെയായിരുന്നു പുതുവർഷ ആഘോഷം സംഘടിപ്പിച്ചതും. നെഗറ്റിവ് പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് പരിപാടിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞവര്‍ഷം പുതുവത്സര ആഘോഷങ്ങളില്‍ 35 മിനിറ്റ് വെടിക്കെട്ട് നടത്തി രണ്ടു റെക്കോഡുകള്‍ കരസ്ഥമാക്കിയിരുന്നു. വെടിക്കെട്ടിന് മുന്നോടിയായി ഇമാറാത്തി ഗായിക ഈദ അല്‍ മെന്‍ഹാലി, ഇറാഖി ആര്‍ട്ടിസ്റ്റ് അലി സാബര്‍ എന്നിവരുടെ സംഗീത കച്ചേരികളും അരങ്ങേറി. 2022 ഏപ്രില്‍ ഒന്നുവരെ നടക്കുന്ന ഫെസ്റ്റിവല്‍, യു.എ.ഇയുടെ പൈതൃകവും നാഗരികതയും ഉയര്‍ത്തിക്കാട്ടുന്നതാണ്. കൂടാതെ മേഖലയിലെ പ്രമുഖ ടൂറിസം, സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അബൂദബിയുടെ സ്ഥാനം ഉയർത്തലും ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.