ദുബൈ: കരയും കടലും ആകാശവും കൊട്ടിയടച്ച് കോവിഡ് വൈറസിനെതിരെ രാജ്യം പോരാട്ടം തുടരുന്നതിനിടെ പ്രവാസലോകത്ത് കുടുങ്ങിപ്പോയവർ നിരവധിയാണ്. കുട്ടികൾ നാട്ടിലായിപ്പോയ കുടുംബങ്ങൾ, പ്രസവം നാട്ടിൽ നടത്താൻ തീരുമാനമെടുത്ത് കാത്തിരിക്കുന്ന ദമ്പതികൾ, പ്രായമായ മാതാപിതാക്കളെ നോക്കാൻ കഴിയാതെ വിഷമിക്കുന്നവർ, വിസിറ്റ് വിസയിലെത്തി കുടുങ്ങിപ്പോയവർ തുടങ്ങി നിരവധി പേരാണ് വ്യോമയാന മാർഗം അടച്ചതോടെ പൂർണമായും ഒറ്റപ്പെട്ടുപോയിരിക്കുന്നത്. പകുതി പേർ നാട്ടിലും ശേഷിക്കുന്നവർ ഇവിടെയും കുടുങ്ങിപ്പോയ കുടുംബങ്ങളുടെ എണ്ണവും നിരവധിയാണ്. രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ നിർത്തലാക്കിയതോടെ അവിടെയും ഇവിടെയുമായി കഴിയുകയാണ് നിരവധി പ്രവാസികൾ.
എപ്പോൾ നാട്ടിലെത്താനാകുമെന്ന കാര്യത്തിൽ ഒരു നിശ്ചയുമില്ലാതെ ഓരോ ദിവസവും കഴിച്ചുകൂട്ടുകയാണ് ഇവരിൽ പലരും. ഇത്തരത്തിൽ വിഷമിക്കുന്നവർക്ക് ആശ്വാസ വാർത്തയൊരുക്കാനുള്ള ശ്രമത്തിലാണ് ഒരു മലയാളി ട്രാവൽ ഏജൻസി ഉടമ. സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹമ്മദാണ് നിരോധന കാലത്ത് ചാർട്ടർ വിമാന സർവിസ് നടത്താനുള്ള ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൊറോണ ടെസ്റ്റി ൽപോസിറ്റിവ് അല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവരും നാട്ടിലെത്തിയാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശം പാലിച്ച് പ്രത്യേകം ക്വാറൻറീനിൽ കഴിയാൻ തയാറുള്ളവരുമായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ചാർട്ടർ വിമാന സർവിസ് നടത്തുകയാണ് ലക്ഷ്യമെന്ന് അഫി അഹമദ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതിനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. അടിയന്തര ആവശ്യമുള്ളവരെ നാട്ടിലെത്തിക്കുന്നതിന് വിമാന സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്കുമുമ്പുതന്നെ കോൺസുലേറ്റ് ജനറലിന് ഇ-മെയിലുകൾ അയച്ചു. എയർലൈൻസ് കമ്പനികളുമായി നിരവധി തവണ സംസാരിച്ചു. യു.എ.ഇ സർക്കാറിെൻറ അനുമതി ഇതിനകം എയർലൈൻസ് കമ്പനികൾ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാറിെൻറ അനുമതി മാത്രമാണ് ഇപ്പോൾ തടസ്സമായിരിക്കുന്നത് - അഫി അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കോൺസുലർ ജനറൽ രേഖാമൂലം അനുമതി നൽകുന്ന പക്ഷം അതുപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടുക മാത്രമാണ് ഇനിയുള്ള ഏക പോംവഴി. ഇതിനായി എയർലൈൻ കമ്പനി മേധാവി ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കുടുങ്ങിപ്പോയ പ്രവാസികുടുംബങ്ങൾക്ക് ആശ്വസിക്കാനുള്ള വഴി തെളിയുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അഫി അഹമദ് പറഞ്ഞു. ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ കൊച്ചിയിലും കോഴിക്കോട്ടുമായി രണ്ടുവീതം സർവിസുകൾ നടത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.