അൽഐൻ: കോവിഡ് മൂലം വിമാന സർവിസുകൾ നിർത്തിയതോടെ പ്രതിസന്ധിയിലാണ് യു.എ.ഇയിലെ ട്രാവൽസുകളും ജീവനക്കാരും. നാല് മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസപ്പെടുകയാണിവർ. നൂറുകണക്കിന് ട്രാവൽസുകളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന ആയിരങ്ങളും യു.എ.ഇയിലുണ്ട്. ട്രാവൽസുകളുടെ പ്രധാന വരുമാന മാർഗം ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന കമീഷനാണ്. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് നിയന്ത്രണം വന്നതോടെ ആ വരുമാനം പൂർണമായും നിലച്ച അവസ്ഥയിലാണ്. ട്രാവൽസുകളുടെ മറ്റൊരു വരുമാന മാർഗമായ വിസിറ്റ് വിസകൾ നൽകുന്നതിന് യു.എ.ഇ നിയന്ത്രണം ഏർപ്പടുത്തിയതിനാൽ അതിലൂടെ ലഭിക്കുന്ന വരുമാനവും ഇല്ലാതായി. ടൂറിസം മേഖല നിശ്ചലമായതും ഈ മേഖലയെ കാര്യമായി ബാധിച്ചു. ഉംറ വിസകൾ സൗദി സർക്കാർ നിർത്തിയതോടെ ആ രംഗത്ത് പ്രവർത്തിക്കുന്ന ട്രാവൽസുകളുടെ വരുമാനവും നിലച്ചു. കെട്ടിട വാടകയും വൈദ്യുതി ബില്ലും അടക്കാൻ പോലും പ്രയാസപ്പെടുകയാണ് മിക്ക ട്രാവൽസ് ഉടമകളും. ചില കെട്ടിട ഉടമകൾ പ്രതിസന്ധികാലത്ത് വാടക ഇളവ് നൽകിയത് മാത്രമാണ് ആശ്വാസം. കോവിഡിനെ അതിജീവിച്ച് അതിവേഗം യു.എ.ഇയിലെ മിക്ക ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയെങ്കിലും വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാൽ യാത്രാവിമാന സർവിസ് എന്ന് ആരംഭിക്കുമെന്നതിൽ അവ്യക്തത തുടരുകയാണ്.
നിലവിലെ സാഹചര്യത്തിൽ ട്രാവൽസ് രംഗത്തെ പ്രതിസന്ധി ഇനിയും നീളുമെന്നാണ് ഈ രംഗത്തുള്ളവർ കണക്കാക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ 15 വരെയുള്ള വന്ദേഭാരത് മിഷെൻറ അഞ്ചാം ഘട്ട വിമാന സർവിസുകൾ പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവിസുകൾ ആഗസ്റ്റ് ആദ്യത്തോടെ തുടങ്ങുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്. വൻകിട ട്രാവൽസുകൾ പോലും ജീവനക്കാരോട് ആറുമാസത്തെ നിർബന്ധിത അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി പലർക്കും ജോലിയില്ല. അതിൽ അധികവും ഇവിടെ കുടുംബമായി കഴിയുന്നവരാണ്.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് നൽകിയ ടിക്കറ്റുകളുടെ തുക വിമാന കമ്പനികൾ തിരികെ നൽകാത്തതും ഏറെ പ്രയാസപ്പെടുത്തുന്നത് ട്രാവൽസ് ജീവനക്കാരെയാണ്. കോവിഡ് മൂലം യാത്ര മുടങ്ങിയ ടിക്കറ്റുകളുടെ തുക തിരികെ ലഭിക്കുന്നതിന് വിമാന കമ്പനികൾ ഏർപ്പെടുത്തിയ നിബന്ധനകൾ ട്രാവൽസുകൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റദ്ദാക്കിയ ടിക്കറ്റ് തുക സമയത്തിന് വിമാന കമ്പനികളിൽ നിന്ന് ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് ട്രാവൽ ഏജൻസികൾ സ്വന്തം കൈയിൽ നിന്ന് എടുത്തുനൽകുന്ന അവസ്ഥയും ഉണ്ട്.
ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന പലരും വിസ കാൻസൽ ചെയ്തു നാട്ടിലേക്ക് പോയിട്ടും മുൻകൂട്ടിയെടുത്ത ടിക്കറ്റുകളുടെ തുക പൂർണമായും തിരികെ ലഭിച്ചിട്ടില്ല. ഇത്തരം ആളുകൾ നിരന്തരം ബന്ധപ്പെടുന്നത് ട്രാവൽസ് ജീവനക്കാരെയാണ്. അതിനാൽ തന്നെ ഒന്നോ രണ്ടോ ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കുകയാണ് പല ട്രാവൽസുകളും. വിവിധ സ്വകാര്യ ഓൺലൈൻ സൈറ്റുകളിൽ നിന്നും ടിക്കറ്റ് എടുത്തവർ യാത്ര മുടങ്ങിയിട്ടും ടിക്കറ്റ് തുക തിരികെ ലഭിക്കാതെയും യാത്രാ തീയതി മാറ്റാൻ അവസരമില്ലാതെയും പ്രയാസപ്പെടുമ്പോഴാണ് ട്രാവൽ ഏജൻസികൾ ഈ സേവനം ചെയ്യുന്നത്.
ജൂലൈ ആദ്യത്തിൽ വന്ദേഭാരത് മിഷൻ ടിക്കറ്റുകൾ എയർഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് മുഖേന എടുക്കാനുള്ള അനുമതി നൽകിയപ്പോൾ ഏതാനും ടിക്കറ്റുകൾ എടുത്തുനൽകിയിരുന്നു. ചാർട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റുകൾ ട്രാവൽസുകൾ മുഖേന വിൽക്കുന്നതിന് പരിമിതി ഉണ്ടെങ്കിലും അത്തരം വിമാനങ്ങളിൽ സീറ്റൊഴിവു വന്നപ്പോൾ സംഘടനകൾ ട്രാവൽസുകളെ ഏൽപിച്ചിരുന്നു. ഇത് മാത്രമാണ് നാലു മാസത്തെ ആകെയുള്ള വരുമാനമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
കോവിഡ് ഭീതിയിൽ നിന്ന് മുക്തമായി ലോകരാജ്യങ്ങൾ വിമാന സർവിസുകൾ പൂർവസ്ഥിതിയിൽ പുനരാരംഭിച്ചാൽ മാത്രമേ ട്രാവൽസ് മേഖലയും പുനർജീവിക്കുകയുള്ളൂ. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ. ട്രാവൽ ഏജൻസികൾ നേരിടുന്ന പ്രതിസന്ധികൾ ബന്ധപ്പെട്ട യു.എ.ഇ അധികൃതരെ അറിയിച്ചപ്പോൾ, അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും വാണിജ്യ വിമാന സർവിസുകൾ പുന:സ്ഥാപിക്കാൻ പലതവണ ഇന്ത്യൻ അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അൽഐൻ ഇന്ത്യൻ ട്രാവൽ ട്രേഡേഴ്സ് അസോസിയേഷൻ (ആയിട്ട) പ്രസിഡൻറ് അഷ്റഫ് വെള്ളേങ്ങൽ വളാഞ്ചേരി പറഞ്ഞു. വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കും പകരം പ്രവാസികൾക്കും ട്രാവൽസ് ഏജൻസികൾക്കും അനുഗുണമാകുന്ന രീതിയിൽ വാണിജ്യ -യാത്രാ വിമാന കമ്പനികൾക്കും വിദേശ വിമാന കമ്പനികൾക്കും സർവിസ് നടത്താൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.