അബൂദബി: സംരക്ഷിത പ്രദേശത്ത് അതിക്രമിച്ചുകടന്ന ഏതാനും പേര്‍ക്കെതിരെ 165,000 ദിര്‍ഹം പിഴ ചുമത്തിയതായി അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. അല്‍ വത്ബയിലെ സംരക്ഷിത പ്രദേശത്താണ് ഏതാനും പേര് അനുമതി കൂടാതെ പ്രവേശിച്ചത്. ശരത്-വസന്തകാലങ്ങളില്‍ ആയിരക്കണക്കിന് അരയന്നങ്ങളെത്തുന്ന അല്‍ വത്ബ, വെറ്റ് ലാന്‍ഡ് റിസര്‍വ് ഉള്‍പ്പെടെ ഒട്ടേറെ പ്രകൃതി സമ്പത്തുള്ള പ്രദേശമാണ്.
ഇവിടെ സ്ഥിരമായി നിരവധി പക്ഷിമൃഗാദികളും വസിക്കുന്നുണ്ട്. 120000 വര്‍ഷം പഴക്കമുള്ള ഫോസില്‍ ഡ്യൂണ്സും (കാറ്റും മഴയും വെയിലുമേറ്റ് മരുഭൂമിയിലെ മണല്‍ ശിലാപാളികള്‍ പോലെ ഉറയ്ക്കുക) ഇവിടെയുണ്ട്. എമിറേറ്റിലെ പ്രകൃതി പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി പറഞ്ഞു.
അല്‍ വത്ബയിലെ ചിലയിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും സംരക്ഷിത പ്രദേശമായതിനാല്‍ പ്രവേശനം പരിമിതമാണ്. പൈതൃക കേന്ദ്രങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിന് അറുപതിലേറെ ഫലകങ്ങള്‍ അബൂദബിയിലുടനീളമായി സ്ഥാപിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.
1970കളിലും 1980കളിലും സ്ഥാപിച്ച കെട്ടിടങ്ങളും മറ്റുമാണ് ഫലകങ്ങള്‍ സ്ഥാപിക്കപ്പെടുന്ന പ്രദേശങ്ങള്‍. അബൂദബിയുടെ പാരിസ്ഥിതിക രേഖയില്‍ ഈ പ്രദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. ആധുനിക പൈതൃക കേന്ദ്രമായ അബൂദബി കള്‍ച്ചറല്‍ ഫൗണ്ടേഷന് കെട്ടിടത്തിന്റെ മുന്‍വശത്താണ് ആദ്യ ഫലകം സ്ഥാപിച്ചത്.
ജനപ്രീതിയാര്‍ജിച്ച കെട്ടിടങ്ങള്‍ ആധുനിക പൈതൃക കേന്ദ്രങ്ങളായാണ് അടയാളപ്പെടുത്തുന്നതെന്നും അവ അബൂദബിയുടെ സാംസ്കാരിക ഘടനയില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അത് നമ്മുടെ സമ്പന്നമായ പൈതൃകത്തെയും പരിണാമത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു.
1971ല്‍ യു.എന്നില്‍ യു.എ.ഇ. ചേര്‍ന്ന ദിവസം, യു.എ.ഇ. ദേശീയ പതാക ഉയര്‍ത്തിയ അല്‍ മന്‍ഹല്‍ കൊട്ടാരം, സായിദ് സ്പോര്‍ട്സ് സിറ്റി അടക്കം അബൂദബിയിലെ കെട്ടിടങ്ങളും സ്ഥലങ്ങളുമായി 64 ഇടങ്ങള്‍ സംരക്ഷിക്കേണ്ട ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് കെട്ടിടങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും പട്ടിക മുമ്പ് തയാറാക്കിയത്. ഈ കെട്ടിടങ്ങളൊന്നും പൊളിക്കാന്‍ അനുവദിക്കില്ല. അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.