ദുബൈ: രൂക്ഷമായ ആഭ്യന്തര സംഘർഷത്തെ തുടർന്ന് ഛാദിൽ അഭയം തേടിയ സുഡാനി ജനതക്ക് കൂടുതൽ സഹായമെത്തിച്ച് യു.എ.ഇ. മാനുഷിക പിന്തുണയുടെ ഭാഗമായി 13 ടൺ ഭക്ഷ്യവസ്തുക്കൾ കൂടി യു.എ.ഇ ഛാദിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് സഹായവിതരണം പുരോഗമിക്കുന്നത്.
ഏപ്രിൽ മുതൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സുഡാനിൽനിന്ന് അഭയം തേടി അയൽരാജ്യമായ ഛാദിലേക്ക് ജനപ്രവാഹം വ്യാപകമായ സാഹചര്യത്തിലാണ് സഹായ വിതരണം ഊർജിതമാക്കിയത്. ഛാദിലെ ദുർബല വിഭാഗങ്ങളെ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഛാദിൽ യു.എ.ഇ സഹായം വിതരണം ചെയ്തിരുന്നു.
എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്. കര്യാരി ഗ്രാമത്തിലെ അഭയാർഥികൾക്ക് 20 ടെന്റുകൾ സംഘം കൈമാറിയിട്ടുണ്ടെന്ന് റെഡ് ക്രസന്റ് വൃത്തങ്ങൾ അറിയിച്ചു.
ഛാദിൽ സഹായ വിതരണം ഏകോപിപ്പിക്കുന്നതിനായി രണ്ടാമത്തെ വിദേശ സഹായ കോഓഡിനേഷൻ ഓഫിസും അടുത്തിടെ യു.എ.ഇ തുറന്നിരുന്നു. അഭയാർഥി ജനതക്ക് ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനായി ജൂലൈ ഒമ്പതിന് ഫീൽഡ് ആശുപത്രിയും സജ്ജമാക്കിയിരുന്നു. ഇവിടെ ഇതുവരെ 3500 രോഗികൾക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ഖർത്തൂമിൽ അർധസൈനിക വിഭാഗവും സൈന്യവും തമ്മിൽ നടക്കുന്ന ആഭ്യന്തര സംഘർഷം രൂക്ഷമായ ശേഷം ഏപ്രിൽ 15 മുതൽ സുഡാനിലെ ദർഫറിൽനിന്ന് മൂന്നു ലക്ഷത്തോളം പേർ ഇതിനകം ഛാദിൽ അഭയം തേടിയതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.