ദുബൈ: സിറിയൻ റിപ്പബ്ലിക്കിലെ സുരക്ഷ സേനയെ ലക്ഷ്യമിട്ട് സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. സിറിയയുടെ സ്ഥിരത, പരമാധികാരം, അതിർത്തി അഖണ്ഡത എന്നിവയെ പിന്തുണക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എ.ഇ സിറിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സുരക്ഷ, സമാധാനം, അന്തസ്സ് എന്നിവക്കായുള്ള അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിറിയൻ സുരക്ഷസേനയെ മുൻ ഭരണാധികാരി ബശ്ശാർ അൽ അസദിനെ അനുകൂലിക്കുന്ന സംഘം ആക്രമിച്ചത്. പടിഞ്ഞാറൻ സിറിയയിലെ തീരപ്രദേശത്ത് രണ്ടു ദിവസമായി നടന്ന ഏറ്റുമുട്ടലുകളിൽ 130 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ട് ദിവസത്തെ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സിറിയൻ അധികൃതർ വിശദീകരിച്ചത്.
പുതിയ സർക്കാർ സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഉണ്ടായ ഏറ്റവും രക്തരൂഷിതമായ ഏറ്റുമുട്ടലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.