ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

യു.എ.ഇ ഗോൾഡൻ വിസ: കൂടുതൽ പ്രഫഷനലുകൾക്ക് അവസരമൊരുക്കി പട്ടിക വിപുലീകരിച്ചു

ദുബൈ: രാജ്യത്തിനുവേണ്ടി മികച്ച സംഭാവനകൾ തുടരുന്നവർക്ക് യു.എ.ഇ സർക്കാർ അനുവദിക്കുന്ന പത്തു വർഷത്തെ കാലാവധിയുള്ള ഗോൾഡൻ വിസ കൂടുതൽ പ്രഫഷനലുകൾക്ക് ലഭിച്ചേക്കും.കൂടുതൽ ക്ലാസ് പ്രഫഷനലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റെസിഡൻസി വിസ നൽകാൻ അനുമതി നൽകിയതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഗോൾഡൻ വിസക്ക് വേണ്ടിയുള്ള വിപുലീകരിച്ച പട്ടികയിൽ ഉൾപ്പെടുന്നവരുടെ വിവരങ്ങളും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവെച്ചു.

പിഎച്ച്.ഡി ബിരുദധാരികൾക്കും എല്ലാ ഡോക്ടർമാർക്കുമൊപ്പം കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്​, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആക്ടിവ് ടെക്നോളജി എന്നിവയിൽ വിദഗ്ധരായ എല്ലാ എൻജിനീയർമാർക്കും പുതിയ റെസിഡൻസി വിസ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

മാത്രമല്ല, സർവകലാശാല കോളജ് തലങ്ങളിൽ മികവാർന്ന അക്കാദമിക് പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വിസക്ക് അർഹതയുണ്ട്. അംഗീകൃത സർവകലാശാലകളിൽ ഉയർന്ന സ്‌കോറുകൾ (3.8 അല്ലെങ്കിൽ അതിൽ കൂടുതൽ) ലഭിക്കുന്ന വിദ്യാർഥികൾക്കാണ് അർഹത ലഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിഗ് ഡേറ്റ, വൈറൽ എപ്പിഡോളജി എന്നിവയിൽ പ്രത്യേക ബിരുദം നേടിയവർക്കും ഗോൾഡൻ വിസ ലഭ്യമാക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. വികസനത്തിൻെറയും നേട്ടത്തിൻെറയും യാത്ര തുടരുകയാണ് നാം.

അതിനാൽ കഴിവുള്ളവരെ ഇവിടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു -ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.മികച്ച നിക്ഷേപകരെയും കമ്പനി എക്സിക്യൂട്ടിവുകളെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്. ദീർഘകാല നിക്ഷേപവും സംഭാവനകളുമുള്ള സമ്പന്ന പ്രവാസി ബിസിനസ് ഉടമകൾക്ക് വിസ ലഭ്യമാവുകയും ചെയ്തു.

ലോകമെമ്പാടുമുള്ള തൊഴിലാളികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ മാസം ദുബൈയിൽ ആരംഭിച്ചിരുന്നു. പകർച്ചവ്യാധിയോ ഭാവിയിലെ ഏതെങ്കിലും പ്രതിസന്ധിയോ നേരിടുന്നതിന് നിർണായകമെന്ന് കരുതപ്പെടുന്ന എല്ലാ രാജ്യങ്ങളിലെയും പ്രഫഷനലുകളുടെ ഒരു ഡേറ്റബേസ് സെപ്റ്റംബറിൽ സർക്കാർ തയാറാക്കിയിരുന്നു.ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങി ആകെ 80,000ത്തോളം പ്രഫഷനലുകളാണ് 'ഫ്രണ്ട് ലൈൻ ഹീറോസ്' എന്ന ഡേറ്റബേസിൽ ഇടംപിടിച്ചത്.കോവിഡ് തീർത്ത പ്രതിസന്ധി കാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ പ്രയത്നിച്ച മുൻ‌നിര പോരാളികൾക്ക് ജീവിതച്ചെലവ്, സ്കൂൾ ഫീസ് എന്നിവയുൾപ്പെടെ വിവിധ ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.