ദുബൈ: സ്വപ്നങ്ങൾക്കുമേൽ ഇരുട്ടടി പോലെയാണ് ഫലസ്തീൻ യുവതി നൂർഹാൻ ജമീൽ ആബിദിന്റെ ജീവിതത്തിലേക്ക് അർബുദം വന്നുകയറിയത്. എന്നാൽ, ചികിത്സയിലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകുമ്പോൾ യുദ്ധം എല്ലാം കീഴ്മേൽ മറിച്ചു.
ആശുപത്രികൾക്കും വീടുകൾക്കും മേൽ ബോംബുവർഷമുണ്ടായതോടെ ചികിത്സ പൂർത്തിയാക്കാനാവില്ലെന്ന് ആശങ്ക നിറഞ്ഞു. എന്നാൽ, അപ്രതീക്ഷിതമായി നൂർഹാന്റെ കൈപിടിക്കാൻ യു.എ.ഇ കടന്നുവന്നു. ഇപ്പോൾ അബൂദബിയിലെ ചികിത്സയിലൂടെ അർബുദത്തിൽനിന്ന് പൂർണ വിമുക്തി നേടിയ ആശ്വാസത്തിലാണവർ.
ഗസ്സയിൽനിന്ന് 1,000 അർബുദരോഗികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രഖ്യാപനത്തിന്റെ ഗുണഭോക്താക്കളിൽ ഒരാളാണ് നൂർഹാൻ. നവംബറിൽ അബൂദബിയിൽ വന്നിറങ്ങിയ ഫലസ്തീനികളായ ആദ്യ അർബുദ രോഗികളുടെ സംഘത്തിലാണിവർ മാതാവിനൊപ്പം എത്തിയത്. രണ്ടര വർഷമായി രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഇവർ. ഗസ്സയിൽ യുദ്ധമാരംഭിച്ചതോടെ ചികിത്സ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് യു.എ.ഇയുടെ സഹായം ലഭിക്കുന്നത്. ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയാണ് ഇവർക്ക് സർക്കാർ ഒരുക്കിനൽകിയത്.
യു.എ.ഇയുടെ ചികിത്സ പദ്ധതി ജീവിതം തിരിച്ചുനൽകിയതായി ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ നൂർഹാൻ പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകർ, ആവശ്യങ്ങൾ ഓരോന്നും പൂർത്തിയാക്കിയ അധികൃതർ, മികച്ച ആതിഥേയത്വം എന്നിവക്കെല്ലാം നന്ദിയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. യു.എ.ഇ എക്കാലവും ഫലസ്തീനികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഇവിടത്തെ അസാധാരണമായ ജീവകാരുണ്യ സംരംഭങ്ങൾ എണ്ണമില്ലാത്ത കുട്ടികൾക്കും കുടുംബങ്ങൾക്കുമാണ് ആശ്വാസമായത് -അവർ വ്യക്തമാക്കി.
പരിക്കേറ്റ 1000 കുട്ടികളെയും 1000 അർബുദ രോഗികളെയും ഗസ്സയിൽനിന്ന് എത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. റഫ ഗസ്സയിൽ ഫീൽഡ് ആശുപത്രി ആരംഭിച്ചും യു.എ.ഇ ചികിത്സ ലഭ്യമാക്കുന്നുണ്ട്. യു.എ.ഇയിൽനിന്ന് നിരവധി സന്നദ്ധ ആരോഗ്യപ്രവർത്തകർ ഫീൽഡ് ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.