ദുബൈ: യുദ്ധത്തിന്റെ കെടുതിയിൽ പ്രയാസപ്പെടുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് കടൽവെള്ള ശുദ്ധീകരണ കേന്ദ്രം നിർമിക്കാൻ പദ്ധതിയുമായി യു.എ.ഇ. പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് റഫയിൽ മൂന്ന് പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശമനുസരിച്ച് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനാണ് ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചത്. ഓരോ പ്ലാന്റിന്റെയും ഉൽപാദന ശേഷി പ്രതിദിനം 2ലക്ഷം ഗാലനായിരിക്കും. മൊത്തം പ്രതിദിനം 6ലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കാൻ സാധിക്കുന്നതിലൂടെ 3ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യും. ഫലസ്തീനിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്ന യു.എ.ഇയുടെ ചരിത്രപരമായ നിലപാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ചാരിറ്റബിൾ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രതിരോധ മന്ത്രാലയം നവംബർ 5ന് ‘ഗാലന്റ് നൈറ്റ്-3’ ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി യുദ്ധത്തിൽ പരിക്കേറ്റവരെ ചികിൽസിക്കുന്നതിന് യു.എ.ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫീൽഡ് ആളുപത്രിയിലേക്ക് ആവശ്യമായ ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി വിമാന മാർഗം എത്തിച്ചിട്ടുണ്ട്. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.