ദുബൈ: കോവിഡ് കാലത്ത് അൽപം ക്ഷീണിച്ച ദുബൈയിലെ ടൂറിസം മേഖല പഴയ പ്രതാപത്തിലെത്തി. മഹാമാരിയുടെ ഭീഷണിക്കിടയിലും കഴിഞ്ഞ വർഷത്തെ ആദ്യ 11 മാസങ്ങളിൽ ദുബൈയിലെത്തിയത് 60 ലക്ഷം സന്ദർശകരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യു.എ.ഇ നൽകിയ സുരക്ഷയാണ് സന്ദർശകരെ ഈ കാലത്തും ദുബൈയിലെത്തിച്ചതെന്ന് ദുബൈ കോർപറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് സി.ഇ.ഒ ഇസ്സാം കാസിം പറഞ്ഞു.
ദുബൈ ആക്സസബിൾ ടൂറിസം ഇന്റർനാഷനൽ ഉച്ചകോടിയിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. 2020ൽ 55 ലക്ഷം സന്ദർശകരായിരുന്നു എത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 94 ലക്ഷം ഹോട്ടൽ മുറികളിൽ ആളെത്തി. ആഗോളയാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ദുബൈ. എക്സ്പോ എത്തിയത് ആളുകളുടെ എണ്ണം കൂടാൻ ഇടയാക്കി. ഈ സാഹചര്യത്തിലും സുരക്ഷിതമായി എത്തിപ്പെടാൻ കഴിയുന്ന സ്ഥലമാണ് ദുബൈ. അർബൻ മാസ്റ്റർ പ്ലാൻ 2040 ദുബൈയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും. ടൂറിസം മേഖലയിൽ കൂടുതൽ പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നായി 20ഓളം പേർ പങ്കെടുത്തു. അയാട്ട, എയർപോർട്ട് കൗൺസിൽ, വേൾഡ് ടൂറിസം ഓർഗനൈസേഷൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി. ലോകം മുഴുവൻ ഒമിക്രോൺ ഭീതി നിലനിൽക്കുന്ന 2022ന്റെ ആദ്യത്തിലും ദുബൈയിലേക്ക് സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. വിമാനത്താവളങ്ങളിൽ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുബൈ വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചത് സന്ദർശകരുടെ ഒഴുക്കിന് വേഗം വർധിപ്പിച്ചതായും അധികൃതർ സൂചിപ്പിക്കുന്നു. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലും ടൂറിസം രംഗത്ത് വളർച്ച കാണിക്കുന്നുണ്ട്. അബൂദബി, ഷാർജ വിമാനത്താവളങ്ങളും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ക്രിസ്മസ്-പുതുവൽസര സീസണിൽ വലിയ തിരക്കും ദൃശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.