ദുബൈ: സാംസ്കാരിക രംഗത്ത് യു.എ.ഇ-യു.എസ് സഹകരണ സാധ്യതകൾ ചർച്ചചെയ്ത് ഉന്നത ഉദ്യോഗസ്ഥ സംഘം. യു.എ.ഇ സാംസ്കാരിക, യുവജന മന്ത്രി നൂറ അൽ കഅബിയും യു.എസ് കോൺഗ്രസിന്റെ എട്ടംഗ പ്രതിനിധി സംഘവുമാണ് കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യ മേഖലയിലും ലോകമെമ്പാടും സമാധാനാന്തരീക്ഷം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്കാരിക സഹകരണം ചർച്ച ചെയ്തത്. സാംസ്കാരിക മേഖലയിൽ രാജ്യം സ്വീകരിച്ചുവരുന്ന സമീപനങ്ങളും നയങ്ങളും അൽകഅബി യു.എസ് സംഘത്തിന് മുന്നിൽ വിവരിച്ചു. സമാധാനപരമായ സഹവർത്തിത്വം, മതപരമായ സഹിഷ്ണുത, ആവിഷ്കാര വൈവിധ്യം എന്നിവ മനുഷ്യരാശിക്ക് അനിവാര്യമാണെന്ന് രാജ്യം ഉറച്ചുവിശ്വസിക്കുന്നു. സാംസ്കാരിക നയതന്ത്രം ഇരുരാജ്യങ്ങളുടെയും അജണ്ടയിൽ പ്രധാനമായതും ആഗോളതലത്തിൽ ചർച്ച ചെയ്യേണ്ടതുമാണ് -മന്ത്രി വിശദീകരിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് കോൺഗ്രസ് അംഗം ബ്രെറ്റ് ഹോർട്ടന്റെ നേതൃത്വത്തിലുള്ള യു.എസ് ഉദ്യോഗസ്ഥ സംഘം യു.എ.ഇയിലെത്തിയത്. സെപ്റ്റംബർ നാലുമുതൽ 11 വരെ നീണ്ട സന്ദർശനത്തിൽ ഉഭയകക്ഷി ബന്ധങ്ങളും ആഗോള താൽപര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാൻ യു.എ.ഇയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എ.ഇയും ഇസ്രായേലും തമ്മിലെ നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയ അബ്രഹാം ഉടമ്പടി രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിനിധിസംഘം സന്ദർശനം നിശ്ചയിച്ചത്. സുപ്രധാന കരാറിലൂടെ സാധ്യമായ നേട്ടങ്ങൾ നേരിട്ട് കാണുകയെന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.