അബൂദബി: എമിറേറ്റിൽ സർക്കാർ അനുവദിച്ച 2694 വീടുകളിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 99 എണ്ണത്തിനെതിരെ നിയമനടപടികൾക്ക് നിർദേശം നൽകി അബൂദബി ഭവന നിർമാണ അതോറിറ്റി. നഗര, ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ ആദ്യഘട്ട പരിശോധന കാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് അതോറിറ്റി അറിയിച്ചു.
സർക്കാർ നൽകിയ 11,340 വീടുകളെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയ 2694 വീടുകളിൽ 1552 എണ്ണം അബൂദബി നഗരത്തിലും 1009 എണ്ണം അൽഐൻ നഗരത്തിലും 133 എണ്ണം അൽ ദഫ്ര മേഖലയിലുമാണ്. ഇതിൽ 2595 വീടുകൾ അധികൃതരുടെ നിർദേശത്തെ തുടർന്ന് തിരുത്തലുകൾ വരുത്തിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് നിയമലംഘനം തുടർന്ന 99 വീടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വീടുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കുക, നിർദിഷ്ട ആവശ്യങ്ങൾക്കല്ലാതെ അവ പുനർനിർമിക്കുക എന്നിവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗുണഭോക്താക്കൾക്കിടയിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കാമ്പയിൻ നടത്തിയത്.
കൂടാതെ, ഭവന ഗ്രാന്റുകൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, മുൻവ്യവസ്ഥകൾ, പിഴകൾ എന്നിവയെക്കുറിച്ച് വ്യക്തികളെ ബോധവത്കരിക്കാനും കാമ്പയിനിൽ ലക്ഷ്യമിട്ടിരുന്നു. ഇത്തരം പ്രശ്നങ്ങളെ നേരിടാൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ആവശ്യമാണെന്ന് അധികൃതർ ഓർമപ്പെടുത്തി.
മുമ്പ് കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് നിലവിലെ പരിശോധനകളിൽ നോക്കുന്നതെന്നും നിയമലംഘനം തുടരുന്നുണ്ടെന്ന് വ്യക്തമായാൽ നോട്ടീസ് ഇല്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും അബൂദബി ഹൗസിങ് അതോറിറ്റി അറിയിച്ചു.
മേയ് മാസത്തിലായിരിക്കും രണ്ടാം ഘട്ട ഭവനപരിശോധനകൾ ഉണ്ടാവുകയെന്ന് അബൂദബി നഗര ഗതാഗത വകുപ്പ് പറഞ്ഞു. എമിറേറ്റിൽ സർക്കാർ ലഭ്യമാക്കിയ എല്ലാ ഭവനങ്ങളും പരിശോധനയിൽ ഉൾപ്പെടുമെന്നും വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.