അബൂദബി: വളന്ററി സേവിങ്സ് സംവിധാനത്തില്‍ പേരുചേര്‍ത്ത തൊഴിലാളികള്‍ക്കുള്ള പ്രതിമാസ വിഹിതം നല്കുന്നതില് വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി മാനുഷിക വിഭവ, സ്വദേശിവത്കരണ മന്ത്രാലയം. വിഹിതം അടക്കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കെതിരെ നാലുതരം അച്ചടക്ക നടപടികളാണ് സ്വീകരിക്കുക.
പണം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികള്‍ക്ക് 30 ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് മാധ്യമം വഴി മുന്നറിയിപ്പ് സന്ദേശം അയക്കും. ഇതു ലഭിച്ച് അഞ്ചു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പണം അടയ്ക്കണം. 15 ദിവസം കഴിഞ്ഞിട്ടും അടച്ചില്ലെങ്കില്‍ ഫണ്ട് മാനേജര്‍ വിവരം മന്ത്രാലയത്തെ അറിയിക്കും. രണ്ടുമാസം കഴിഞ്ഞിട്ടും പണം അടച്ചില്ലെങ്കില്‍ കമ്പനിയുടെ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ സസ്പെന്‍ഡ് ചെയ്യും. കുടിശ്ശിക തുക അടയ്ക്കുകയോ പുതിയ നടപടികള്‍ സ്വീകരിക്കുന്നതുവരെയോ ഇതു തുടരും.
നാലു മാസമായിട്ടും പണം അടച്ചില്ലെങ്കില്‍ വളന്ററി സേവിങ്സ് സംവിധാനത്തില്‍ പേരുചേര്‍ത്ത തൊഴിലാളിയൊന്നിന് 1000 ദിര്‍ഹം വീതം തൊഴിലുടമക്ക് പിഴ ചുമത്തപ്പെടും. വളന്ററി സേവിങ്സ് സംവിധാനത്തില്‍ പേരുചേര്‍ക്കുന്ന സമയം തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി ഒരു കാറ്റഗറി തിരഞ്ഞെടുക്കുകയും അവരുടെ വിവരങ്ങള്‍ സേവനദാതാവ് വഴി നിക്ഷേപ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. തൊഴിലാളിയുടെ ശമ്പളത്തില്‍നിന്ന് കുറവുവരുത്താതെ വേണം കമ്പനിയുടെ വിഹിതം തൊഴിലാളിയുടെ പേരില്‍ അടയ്ക്കേണ്ടത്.
ഓരോ കലണ്ടര്‍ മാസത്തിന്റെയും ആദ്യദിവസം മുതല്‍ 15 ദിവസത്തിനുള്ളിലായി തൊഴിലുടമകള്‍ തങ്ങളുടെ വിഹിതം നിക്ഷേപ ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കണം. എന്റോള്‍ ചെയ്ത് ഒരുവര്‍ഷത്തിനുള്ളില്‍ വളന്ററി പേമെന്റ് സംവിധാനത്തില്‍നിന്ന് പിൻവാങ്ങാനുള്ള സൗകര്യവും തൊഴിലുടമകള്‍ക്കുണ്ട്. ഇതിന് മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന നാലു നിബന്ധനകള്‍ പാലിച്ചിരിക്കണം.
കുറഞ്ഞത് ഒരുവര്‍ഷം സബ്സ്ക്രിപ്ഷന് പൂര്‍ത്തിയായിരിക്കണം. അല്ലെങ്കില്‍ മന്ത്രാലയം തീരുമാനിക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ ബാധകമായിരിക്കണം.
പിഴകള്‍ നിലവിലുണ്ടായിരിക്കുകയോ തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരിക്കാനോ പാടില്ല.
സേവനാവസാന ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തൊഴിലുടമകള്‍ സാമ്പത്തികഭദ്രത തെളിയിക്കുന്ന ക്രെഡിറ്റ് റിപ്പോര്‍ട്ട് നല്‍കണം.
പിന്‍വലിക്കല്‍ തൊഴിലാളിയുടെ അവകാശങ്ങളെ ബാധിക്കരുത്.
പണം തിരികെ ലഭിക്കില്ല
പിന്‍വലിക്കല്‍ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ നല്കിക്കഴിഞ്ഞ അടിസ്ഥാന സംഭാവനകളൊന്നും തിരികെ ലഭിക്കില്ല.
എന്നിരുന്നാലും ജോലി അവസാനിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് അവരുടെ സമ്പാദ്യം പിന്‍വലിക്കാനോ കൂടുതല്‍ സംഭാവനകള്‍ നല്കാതെതന്നെ അവരുടെ നിക്ഷേപിച്ച സമ്പാദ്യം നിലനിര്‍ത്താനോ കഴിയും.
തൊഴിലുടമയുടെ പിന്‍വാങ്ങലിന് ശേഷമുള്ള കാലയളവില്‍ ബാധകമായ നിയമത്തിനും അതിന്റെ ചട്ടങ്ങള്‍ക്കും അനുസൃതമായി സേവനാവസാന ആനുകൂല്യങ്ങള്‍ കണക്കാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.