അബൂദബി: കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി. കര, വായു, സമുദ്ര മേഖലകളിലെ ഗതാഗത രംഗത്ത് നിര്‍മിത ബുദ്ധിയും റോബോട്ടിക് സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
അബൂദബിയിലെ ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ട്, ആസ്പയര്, അബൂദബി പോര്‍ട്സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ ക്ലസ്റ്ററിന്റെ ഭാഗമായ മഖ്ത ഗേറ്റ് വേ എന്നിവ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചിരുന്നു.
വെയര്‍ഹൗസ് മേഖലകളിലേക്ക് കരമാര്‍ഗം ആളില്ലാ വാഹനത്തില്‍ ചരക്ക് നീക്കുന്നതിനും അബൂദബിയില്‍ നിന്ന് സമീപ ദ്വീപുകളിലേക്ക് സ്വയംനിയന്ത്രിത വാട്ടര്‍ ടാക്സിയില്‍ ആളുകളെ കൊണ്ടുപോവുന്നതിനുമാണ് പദ്ധതി വികസിപ്പിച്ചത്. വൈകാതെ അബൂദബി ഗതാഗത വകുപ്പിന്റെ സമുദ്ര ഗതാഗത മേഖലയായി ഇത് മാറുമെന്ന് ടി.ഐ.ഐ സീനിയര്‍ ഡയറക്ടര്‍ ജെറമി നികോല പറഞ്ഞു.
സ്വയംനിയന്ത്രിത വാട്ടര്‍ടാക്സി അബൂദബിയില്‍നിന്ന് ദ്വീപുകളിലേക്കുള്ള പാസഞ്ചര്‍ ഗതാഗതം കാര്യക്ഷമവും സുരക്ഷിതവും ചെലവു ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി അപകടങ്ങൾ ഇല്ലാതാക്കാനും സാധിക്കും. ലിഡാര്‍, റഡാര്‍ സാങ്കേതിക വിദ്യകളും കൂടുതല്‍ സെന്‍സറുകളും ഉപയോഗിച്ചാണ് വാട്ടര്‍ടാക്സികള്‍ പ്രവര്‍ത്തിക്കുക. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സെന്‍സറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും ഇവയുടെ 24 മണിക്കൂർ സേവനം ലഭിക്കും. അതേസമയം, ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാനും അപകടങ്ങൾ ഇല്ലാതാക്കാനും സ്വയംനിയന്ത്രിത വാട്ടര്‍ടാക്സികൾ വഴി സാധിക്കും. വൈകാതെ നിരത്തുകൾ ഇവ കീഴടക്കുമെന്നും അതിനായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.