അബൂദബി: അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി സഹകരിച്ച് ‘നമ്മുടെ ശൈത്യകാലം സുരക്ഷിതവും ആസ്വാദ്യകരവും’ എന്ന കാമ്പയിനിന്റെ ആറാമത് പതിപ്പിന് അബൂദബി പൊലീസ് തുടക്കം കുറിച്ചു. ശൈത്യകാലത്ത് പൊതുജനം സ്വീകരിക്കേണ്ട അവശ്യ മുന്നൊരുക്ക നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. അപകടങ്ങളിലേക്ക് നയിക്കുന്ന നടപടികള്‍ ഒഴിവാക്കി തണുപ്പുകാലം സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിന് പൊലീസുമായി സഹകരിക്കണമെന്ന് ബോധവത്കരിക്കുന്നതിലാണ് കാമ്പയിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശൈത്യകാല സ്കൂള്‍ അവധിദിനങ്ങളിൽ കുട്ടികളുടെ മേല്‍ ശ്രദ്ധ പുലര്‍ത്താനും ഓണ്‍ലൈന്‍ ബുള്ളിയിങ്, സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചൂഷണം മുതലായവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നും കാമ്പയിന് ആവശ്യപ്പെടുന്നുണ്ട്. ആളുകള്‍ കൂടുന്ന തുറസ്സായ ഇടങ്ങളില്‍ ബൈക്ക് അഭ്യാസം അടക്കമുള്ളവ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കാമ്പയിന് മുന്നറിയിപ്പ് നല്കുന്നു. നിര്‍ദിഷ്ട പാതകളിലായിരിക്കണം സൈക്കിളുകള്‍ ഓടിക്കേണ്ടത്. ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചിരിക്കണം. താമസകേന്ദ്രങ്ങളിലൂടെ ജനാലകളിലൂടെയും മറ്റും കുട്ടികള്‍ വീഴാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വീടിനുള്ളില്‍ തീകൂട്ടുന്നതിന്റെയും കരി കത്തിക്കുന്നതിന്റെയും അപകടം കുട്ടികളെ ബോധവത്കരിക്കണം. ഇത്തരം നടപടികള്‍ അഗ്നിബാധക്കും ശ്വാസതടസ്സത്തിനും മരിക്കുന്നതടക്കമുള്ള അപകടങ്ങള്‍ക്കും കാരണമാവുമെന്നതിലും കുട്ടികളെ ബോധവത്കരിക്കണം. മോഷണമടക്കമുള്ളവ തടയുന്നതിന് സി.സി.ടി.വി കാമറകള്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ കൈമാറരുതെന്നും വിശ്വസനീയമല്ലാത്ത സൈറ്റുകളില്‍നിന്ന് ഇലക്ട്രോണിക് ഗെയിമുകൾ വാങ്ങുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയും വേണം.
രാജ്യത്തെ സ്കൂളുകള്‍ ശൈത്യകാല അവധിയിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ വീടുകളിലും മറ്റും കുട്ടികള്‍ അപകടത്തില്‍പ്പെടാതെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന അധികൃതരുടെ നിര്‍ദേശം താമസക്കാര്‍ പലപ്പോഴും ഗൗരവത്തില്‍ പരിഗണിക്കാറില്ല. ഇത് വന്‍ അപകടത്തിലേക്കാണ് നയിക്കുന്നത്. ചെറിയ അശ്രദ്ധപോലും വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ കെട്ടിട നിര്‍മാതാക്കളും താമസക്കാരും അതിജാഗ്രത പാലിക്കേണ്ടതുണ്ട്.
ഷാര്‍ജ, ഫുജൈറ, അബൂദബി എമിറേറ്റുകളിലായി 2022ല്‍ മൂന്നു കുട്ടികളാണ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യു.എ.ഇയില്‍ വ്യത്യസ്ത അപകടങ്ങളില്‍ 17 കുട്ടികള്‍ വീണു മരിച്ചിട്ടുണ്ട്. വീടുകളില്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും അബൂദബി പൊലീസും കാമ്പയിനിലൂടെ ആവശ്യപ്പെടുന്നുണ്ട്. അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓര്‍മിപ്പിച്ചു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഒരു വര്‍ഷം തടവോ 5000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേര്‍ത്തോ ആണ് ശിക്ഷ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.