ഷാർജ: നാലര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം മതിയാക്കി മാറഞ്ചേരി താമലശ്ശേരി സ്വദേശി ബഷീർ ഏനു തിരികെ യാത്രയാകുന്നു. 15ാം വയസ്സിൽ പിതാവിന്റെ സ്പോൺസർഷിപ്പിൽ ദുബൈയിലെത്തിയ ബഷീർ 26 വർഷമായി ദുബൈ ടൂറിസം ഡിപ്പാർട്മെന്റിലാണ് ജോലിചെയ്തിരുന്നത്. യു.എ.ഇയുടെ ഓരോ വളർച്ചയും നേരിൽ കണ്ട ബഷീർ, ഇവിടെത്തെ ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തെയും സഹിഷ്ണുതയെയും വാനോളം പുകഴ്ത്തുന്നു. യു.എ.ഇ നിലവിൽവന്ന് ഒരു പതിറ്റാണ്ട് തികയും മുമ്പെത്തിയ ഇദ്ദേഹം സുവർണ ജൂബിലി ആഘോഷങ്ങൾ കൂടി നേരിൽ കണ്ടാണ് മടക്കത്തിന് ഒരുങ്ങുന്നത്.
ടൂറിസം വിഭാഗത്തിൽ ജോലി ചെയ്തതിനാൽ വിനോദസഞ്ചാര മേഖലയുടെ വികസനം വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി രാജ്യം മാറിയതിന്റെ വളർച്ചയുടെ ഓരോഘട്ടത്തിലും അനുഭവിച്ചറിയാൻ അദ്ദേഹത്തിനായി. പിറന്ന നാടിന്റേതിന് സമാനമായ കരുതലും സ്നേഹവും തന്ന പോറ്റമ്മയെ പിരിഞ്ഞുപോകുമ്പോൾ മനസ്സിൽ ഓർമകളുടെ കടലിരമ്പുകയാണ്. എങ്കിലും മാറാടി കായലും വയലുകളും കഥ പറയുന്ന താമലശ്ശേരിയിലേക്ക് തിരിച്ചുപോകുമ്പോൾ ബാല്യം അവിടെ കാത്തുനിൽപ്പുണ്ടെന്നാണ് ബഷീറിന്റെ പക്ഷം. നാട്ടിലെത്തി കാർഷിക മേഖലയിൽ സജീവമാകണമെന്നാണ് ബഷീറിന്റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.