ദുബൈ: സ്വകാര്യ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതായി മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. മേഖലയിലെ സ്ത്രീകളുടെ എണ്ണം 2023ൽ മുൻ വർഷത്തെ അപേക്ഷിച്ച് 23.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകുന്നതിനും യു.എ.ഇ തുടർച്ചയായി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഫലമാണ് സ്ത്രീകളുടെ വർധിച്ച പങ്കാളിത്തമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയിലെ നിയമമനുസരിച്ച് ജോലിസ്ഥലത്തെ ലിംഗവിവേചനം പാടില്ല. ഇത് കൂടുതൽ സ്ത്രീകളെ തൊഴിൽ മേഖലയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതാണ്. യു.എ.ഇ തൊഴിൽ നിയമം ഒരു ജോലിക്ക് പുരുഷ സഹപ്രവർത്തകർക്ക് ലഭിക്കുന്ന ശമ്പളംതന്നെ വനിതാ ജീവനക്കാർക്കും നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. യാതൊരു തരത്തിലുള്ള വിവേചനങ്ങളും തൊഴിലിടങ്ങളില്‍ അനുവദിക്കുന്നതല്ല. ഖനനം, നിർമാണം, ഉൽപാദനം, ഊർജം, കൃഷി, ഗതാഗതം തുടങ്ങിയ വെല്ലുവിളി നിറഞ്ഞ മേഖലകളിലും രാത്രി സമയങ്ങളിലും സ്ത്രീകൾക്ക് തൊഴിൽ ചെയ്യാൻ തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം, ഭീഷണി, അക്രമം എന്നിവയില്‍നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്നതുമാണ് നിയമം. ജീവനക്കാര്‍ക്കെതിരെ ബല പ്രയോഗമോ ഭീഷണിയോ അനുവദിക്കുന്നതല്ല. ഈ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാൻ പ്രോത്സാഹനം നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.