ദുബൈ: ലോക തൊഴിലാളി ദിനത്തിൽ ദുബൈയുടെ വിവിധ മേഖലകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ച് തൊഴിൽ വകുപ്പ്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മാന്യമായ ജീവിതം നൽകുന്നതിനുമായി യു.എ.ഇ മാതൃകയാണെന്ന് ദുബൈ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാനും ജി.ഡി.ആർ.എഫ്.എ ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതി അൽ വർസാനിലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമാണ മേഖലയിലെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അംഗീകരിക്കുന്നതിനുള്ള സർക്കാർതലത്തിലെ- ലോകത്തെ ആദ്യത്തെ സംരംഭമാണ് 2016ൽ ദുബൈ തുടങ്ങിയ തഖ്ദീർ അവാർഡുകൾ. തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷ, ശമ്പളകാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ മേഖലകൾ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്.
തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്താൻ ദുബൈ സദാസമയം പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ കൂട്ടിച്ചേർത്തു. അൽ നബൂദ ലേബർ ക്യാമ്പിൽ നടന്ന ആഘോഷ പരിപാടി തൊഴിലാളികൾക്ക് സന്തോഷവും ആവേശവും പകരുന്നതായിരുന്നു. വിവിധ രാജ്യക്കാരുടെ സംസ്കാരങ്ങൾ അടയാളപ്പെടുത്തുന്ന കലാപരിപാടികൾ നടന്നു.
വിവിധ രാജ്യങ്ങളുടെ കലാസംസ്കാരിക രീതികൾ അടയാളപ്പെടുത്തുന്ന വിഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായി. തങ്ങളുടെ സഹോദരങ്ങളെപ്പോലെയാണ് അവരെ നോക്കിക്കാണുന്നതെന്ന് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഇൻ ദുബൈ സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു. വർസാനിലെ ആഘോഷങ്ങൾക്ക് പുറമേ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് - ദുബൈയിലെ മൂന്ന് സ്ഥലങ്ങളിൽകൂടി ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.