നൂറ ബിന്ത് മുഹമ്മദ് അൽ കാബി

ലോക പൈതൃക പട്ടിക: റാസൽഖൈമയിലെ നാല് സ്ഥലങ്ങൾകൂടി പരിഗണനയിൽ

അബൂദബി: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുന്നതിന് യു.എ.ഇ സമർപ്പിച്ച താൽക്കാലിക നാമനിർദേശ പട്ടികയിൽ റാസൽഖൈമയിലെ നാല് സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി യു.എ.ഇ സാംസ്‌കാരിക മന്ത്രാലയം. റാസൽഖൈമ നഗരത്തിന് തെക്ക് ഭാഗത്തുള്ള പവിഴമുത്തുകളുടെ പഴയ നഗരമായ അൽജസീറ അൽ ഹംറ, ഷിമാൽ, ധയ, ജൽഫാർ എന്നീ ചരിത്രപ്രധാനമായ നാല് സ്ഥലങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.യുനെസ്‌കോയിലെ ഐക്യരാഷ്​ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന പരിപാലിക്കുന്ന ലോക പൈതൃക പട്ടികയിൽ പരിഗണിക്കുന്നതിനായി ഇടംനേടിയ താൽക്കാലിക യു.എ.ഇ സൈറ്റുകളുടെ എണ്ണം ഇതോടെ 12 ആയി.

എന്നാൽ, യു.എ.ഇയിലെ അൽഐൻ നഗരം മാത്രമാണ് ലോക പൈതൃക പട്ടികയിൽ ഇതിനകം ഔദ്യോഗിക ഇടം നേടിയത്. ജബൽ ഹഫീത്ത്, ഹിലി, ബിദ ബിന്ത് സൗദ്, ഒയാസിസ് ഏരിയകൾ എന്നിവയാണ് അൽ ഐ​െൻറ സാംസ്‌കാരിക സൈറ്റുകളായി ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. റാസൽഖൈമയിലെ നാല് സുപ്രധാന സൈറ്റുകൾകൂടി യു.എ.ഇയിൽനിന്ന് യുനെസ്‌കോയുടെ താൽക്കാലിക പട്ടികയിൽ ചേർത്തതിൽ സന്തോഷമുണ്ടെന്ന് സാംസ്‌കാരിക യുവജന മന്ത്രിയും ദേശീയ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്ര സമിതി ചെയർപേഴ്‌സനുമായ നൂറ ബിൻത്​ മുഹമ്മദ് അൽ കാബി പറഞ്ഞു.

യു.എ.ഇയുടെ സമുദ്ര പാരമ്പര്യത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള ഈ സ്ഥലങ്ങൾ 5,000 വർഷത്തോളം പഴക്കമുള്ള ചരിത്രം വിളംബരം ചെയ്യുന്നു. നൂറ്റാണ്ടുകളായി അന്താരാഷ്​ട്ര വ്യാപാരത്തി​െൻറ പ്രധാന തുറമുഖ നഗരമായിരുന്നു ജൽഫാർ. പഴയ തുറമുഖ നഗരമായ ഹൊർമുസ് കടലിടുക്കിനടുത്തുള്ള റാസൽ അൽ ഖൈമയുടെ വടക്കെ തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഗൾഫിലെ ഏറ്റവും മികച്ച സംരക്ഷിത മുത്തുകളുടെ പട്ടണമായിരുന്നു ജസീറത്ത് അൽ ഹംറ. 45 ഹെക്ടർ വിസ്തൃതിയുള്ള ദ്വീപാണ് തെക്കൻ റാസൽ ഖൈമയിലെ ഈ ഭാഗം.

ധയ, ഷിമാൽ എന്നീ സൈറ്റുകൾ യു.എ.ഇയുടെ ഭൂതകാലത്തെയും സമീപകാല ചരിത്രത്തെയും കുറിച്ചുള്ള ചരിത്രം പറയുന്നു. ഒട്ടേറെ പുരാവസ്തു ശേഖരങ്ങളുള്ള റാസൽഖൈമയുടെ വടക്കെ തീരത്ത് മൂന്ന് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ഷിമാൽ. അക്കേഷ്യ മരങ്ങളാൽ നിബിഡമായ സമതലങ്ങളോടെയുള്ള പ്രദേശം. വാദി ബിഹി​െൻറയും വാദി ഹഖിലി​െൻറയും സമീപത്തെ ഈന്തപ്പന തോട്ടങ്ങൾക്ക്് സമീപമാണ് ഷിമാൽ. പഴയ വാസസ്ഥലങ്ങളും വെങ്കലയുഗത്തിലെ നൂറിലധികം ശ്​മശാനങ്ങളും ഇസ്​ലാമിക കാലഘട്ടത്തി​െൻറ മധ്യത്തിൽ നിന്നുള്ള ഒട്ടേറെ അവശിഷ്​ടങ്ങളും ഈ സൈറ്റിൽ ഉൾപ്പെടുന്നു.

റാസൽഖൈമയുടെ ഏറ്റവും ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ സൈറ്റുകളിൽ ഒന്നാണ് ധയ. മൂന്ന് ദിശകളിൽ കുത്തനെയുള്ള പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം. പർവതങ്ങൾക്കും കടലിനുമിടയിലുള്ള സമതലങ്ങളിൽ ഈന്തപ്പന കൃഷിയിടവും ജനവാസ സ്ഥലവുമാണ്. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള എട്ട് സൈറ്റുകളാണ് യുനെസ്‌കോയുടെ താൽക്കാലിക വേൾഡ് ഹെറിറ്റേജ് സൈറ്റ് പട്ടികയിൽ നേരത്തെ ഇടംപിടിച്ചിട്ടുള്ളത്.

യുനെസ്‌കോയുടെ താൽക്കാലിക പട്ടികയിലെ യു.എ.ഇ സൈറ്റുകളും രേഖപ്പെടുത്തിയ വർഷവും:

•ഉമ്മുൽനാർ ദ്വീപിലെ അധിവാസവും സെമിത്തേരിയും (2012)

•സർ ബുനെയ്ർ ദ്വീപ് (2012)

•ഖോർ ദുബൈ (2012)

•എഡ്-ദൂർ സൈറ്റ് (2012)

•അൽ ബിദ്‌യ പള്ളി (2012)

•ഷാർജയിലെ ട്രൂഷ്യൽ സ്​റ്റേറ്റുകളിലേക്കുള്ള കവാടം (2014)

•ഷാർജ എമിറേറ്റിലെ മധ്യമേഖലയുടെ സാംസ്‌കാരിക ഭൂപ്രകൃതി (2018)

•അബൂദബി സബ്ക (2018)

•ധയ പ്രദേശത്തെ സാംസ്‌കാരിക ഭൂപ്രകൃതി (2020)

•മുത്ത് വ്യാപാര നഗരമായ ജസീറത്ത് അൽ ഹംറ (2020)

•വ്യാപാര നഗരം ജൽഫാർ (2020)

•ഷിമാൽ (2020)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.