അബൂദാബി: ഈ വർഷം ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്ന എട്ടാമത് ലോക നിക്ഷേപ ഫോറത്തിന്റെ ആതിഥേയ നഗരമായി ഐക്യരാഷ്ട്ര സഭ വ്യാപാര വികസന കൂട്ടായ്മ അബൂദാബിയെ പ്രഖ്യാപിച്ചു. ‘സുസ്ഥിര വികസനത്തിൽ നിക്ഷേപം’ എന്ന പ്രമേയത്തിന് കീഴിൽ നടക്കുന്ന ഫോറം, ഭക്ഷ്യസുരക്ഷ, ഊർജം, ആരോഗ്യം, ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളിലെ വിതരണ ശൃംഖല, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദന ശേഷി വളർച്ച എന്നിവയിൽ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ ഒന്നിലധികം ആഗോള പ്രതിസന്ധികൾ ചർച്ച ചെയ്യും.
പ്രധാന വെല്ലുവിളികളെ നേരിടാൻ രാഷ്ട്ര നേതാക്കളെയും കമ്പനി സി.ഇ.ഒമാരെയും മറ്റ് നിക്ഷേപ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി ഇത് മാറും. ഐക്യരാഷ്ട്ര സഭ വ്യാപാര വികസന കൂട്ടായ്മ സെക്രട്ടറി ജനറൽ റെബേക്ക ഗ്രിൻസ്പാനും യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദിയുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യു.എ.ഇയിൽ നടക്കുന്ന വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ ഏതാനും ആഴ്ചകൾ മുമ്പാണ് ഫോറം നടക്കുന്നത്. ഫോറം നയം രൂപപ്പെടുത്തുന്നവരെയും മറ്റുള്ളവരെയും പരിഹാരങ്ങൾ കണ്ടെത്താനും മുൻഗണനാ വിഷയങ്ങളിൽ സമവായത്തിലെത്താനും സഹായിക്കുമെന്ന് അധികൃതറ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.