അബൂദബി: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ)യുടെ 13ാമത് മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ പരിസമാപ്തി. കൂട്ടായ്മക്ക് പരിഷ്കരണ അജണ്ട മുന്നോട്ടുവെക്കുന്ന മന്ത്രിതല പ്രഖ്യാപനത്തോടെയാണ് ലോക രാജ്യങ്ങളുടെ ചർച്ചാവേദിക്ക് തിരശ്ശീല വിണത്. 2024ഓടെ പൂർണ പ്രവർത്തനസജ്ജമാകുന്ന തർക്കപരിഹാര സംവിധാനം, വികസ്വര രാജ്യങ്ങൾക്കും വളരെകുറഞ്ഞ വികസിത രാജ്യങ്ങൾക്കും പ്രത്യേകമായ രീതി സ്വീകരിക്കൽ എന്നിവ ഉൾപ്പെടെ നിരവധി മന്ത്രിതല തീരുമാനങ്ങൾ യോഗത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സമവായത്തിലെത്താൻ സാധിക്കാത്ത എല്ലാ മേഖലകളിലും ചർച്ചകൾ തുടരാനും യോഗം അംഗീകാരം നൽകിയിട്ടുണ്ട്.175 അംഗരാജ്യങ്ങൾ, സ്വകാര്യമേഖലയിലെ പ്രമുഖർ, എൻ.ജി.ഒകൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
കൂടുതൽ കാര്യക്ഷമവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വ്യാപാര സംവിധാനം രൂപപ്പെടുത്തുന്നതിനായിരുന്നു സമ്മേളന ചർച്ചകളിലെ ഊന്നൽ. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രിയും 13ാമത് മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദി സമ്മേളനത്തിലെത്തുകയും സജീവമായി പങ്കുവഹിക്കുകയും ചെയ്ത അംഗങ്ങൾക്ക് സമാപനദിനത്തിൽ നന്ദിയറിയിച്ചു. ഡബ്ല്യു.ടി.ഒയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന വേദിയാണ് മന്ത്രിതല സമ്മേളനങ്ങൾ. വ്യാപാര നിയമങ്ങൾ പരിഷ്കരിക്കാനും ആഗോള വ്യാപാര നയത്തിന്റെ അജണ്ട നിശ്ചയിക്കാനും ചേരുന്ന അംഗരാജ്യങ്ങളുടെ നിർണായക ഫോറമാണിത്. 1995ൽ സ്ഥാപിതമായ ഡബ്ല്യു.ടി.ഒ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കൂട്ടായ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.