ദുബൈ: മെട്രോ റെഡ് ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽനിന്ന് ഇനി മാറിക്കയറേണ്ടതില്ല. സ്റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും എക്സ്പോ 2020 ഭാഗത്തേക്കും പോകാൻ സാധിക്കുന്നരീതിയിൽ ‘വൈ’ ജങ്ഷൻ രൂപപ്പെടുത്തിയാണ് യാത്ര എളുപ്പമാക്കിയിരിക്കുന്നത്. ഏപ്രിൽ 15 മുതൽ പുതിയ സംവിധാനം നിലവിൽവരുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.
മെട്രോയുടെ റെഡ് പാതയിൽ തടസ്സമില്ലാത്ത യാത്രക്ക് സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ദുബൈ മെട്രോ ഓപറേറ്റർമാരായ കിയോലിസ് കമ്പനിയുമായി സഹകരിച്ച് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് പുതിയ രീതി നടപ്പിലാക്കുക. റെഡ് ലൈനിലൂടെ പോകുന്ന ട്രെയിനുകൾ പദ്ധതി നടപ്പിലാകുന്നതോടെ ഇടവിട്ട സമയങ്ങളിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും എക്സ്പോ 2020 ഭാഗത്തേക്കും സർവിസ് നടത്തും. അതോടൊപ്പം യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിൽനിന്നും എക്സ്പോ 2020 സ്റ്റേഷനിൽനിന്നും ആരംഭിക്കുന്ന ട്രെയിനുകൾ തടസ്സമില്ലാതെ സെന്റർ പോയൻറ് സ്റ്റേഷനിലേക്ക് സഞ്ചരിക്കും. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനൊപ്പം ജബൽ അലി സ്റ്റേഷനിലെ ആൾതിരക്ക് കുറക്കാനും പദ്ധതി ഉപകാരപ്പെടും.
റെഡ് ലൈനിൽ യാത്രക്കാരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരണം കൊണ്ടുവന്നിരിക്കുന്നതെന്ന് ആർ.ടി.എ റെയിൽ ഓപറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതവ്വ പറഞ്ഞു.
പൊതുജനങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമാണിത്. ട്രെയിൻ വിവരങ്ങൾ സ്റ്റേഷനുകളിലെ പാസഞ്ചർ ഡിജിറ്റൽ ഇൻഫർമേഷൻ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുകയും അതത് സമയങ്ങളിൽ അനൗൺസ്മെന്റ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കുന്നതിന് മുമ്പും ശേഷവും സ്റ്റേഷനുകളിൽ പുതിയ മാറ്റം യാത്രക്കാരെ പഠിപ്പിക്കുന്നതിന് പ്രത്യേകം ജീവനക്കാരെ നിയമിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.