കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരെ വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനില കമ്പനികളുമായി ഇടപഴകിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നഴ്സിങ് പ്രഫഷനലുകളെ അയക്കുന്ന രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതും റിക്രൂട്ട്മെന്റ് പൂർത്തിയാക്കുന്നതും.
ചില ഏഷ്യൻ രാജ്യങ്ങളിൽ ഇടനിലക്കാർ വഴി നഴ്സിങ് സ്റ്റാഫ് റിക്രൂട്ട്മെന്റിനായി പരസ്യങ്ങൾ നൽകുന്നത് ശ്രദ്ധയിൽപെട്ടതിനെയും നിരവധി പേർ വഞ്ചിക്കപ്പെടുന്നതിനെയും തുടർന്നാണ് ആരോഗ്യ മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്. ഇത്തരം പരസ്യങ്ങളിൽ പലതും കാലഹരണപ്പെട്ടതാണെന്നും ചിലത് 2014 വരെ പഴക്കമുള്ളതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദേശ നഴ്സുമാർക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ, അതത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ മുഖേന ധാരണാപത്രങ്ങൾ രൂപപ്പെടുത്തിയാണ്. പരസ്യങ്ങൾ നൽകുന്നതുൾപ്പെടെ ഇതിനായി ചിട്ടപ്പെടുത്തിയ വ്യവസ്ഥകളും നടപടിക്രമങ്ങളും ഉണ്ട്. വ്യക്തിഗത അഭിമുഖങ്ങൾ, ടെസ്റ്റുകൾ, താൽക്കാലിക നിയമനം, ജോലി വിലയിരുത്തൽ എന്നിങ്ങനെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് നഴ്സുമാർക്ക് സ്ഥിരനിയമനം നൽകുന്നത്.
വിദേശത്തുള്ള നഴ്സിങ് സ്റ്റാഫ് റിക്രൂട്ട്മെന്റ് സംബന്ധിച്ച സമീപകാല പ്രഖ്യാപനങ്ങൾ പാകിസ്താൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്തോനേഷ്യ, ശ്രീലങ്ക, തുനീഷ്യ എന്നീ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് കൃത്യതയും വിശ്വാസ്യതയും പരിശോധിക്കാനും മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.