ആർത്തവത്തിലെ ക്രമമില്ലായ്മ, ആർത്തവ സമയത്തുള്ള കൂടുതൽ രക്തസ്രാവം, വന്ധ്യത ഒക്കെയായി ഇന്ന് നിരവധി രോഗികൾ നമ്മുടെ അടുത്ത് എത്തുന്നുണ്ട്. സ്ത്രീ ശരീരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉണ്ടാവുന്ന രോഗാവസ്ഥയാണ് ഇതിന് പ്രധാന കാരണം. മുമ്പ് PCOD (Polycystic ovarian disease) എന്ന് അറിയപ്പെട്ടിരുന്ന ഇൗ അവസ്ഥ ഇപ്പോൾ PCOS (Polycystic ovarian syndrome) എന്ന പേരിലാണ് ചികിത്സാ ലോകത്ത് അറിയപ്പെടുന്നത്. PCOS പ്രധാനമായും കൗമാരം മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കണ്ടുവരുന്നത്.
പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിൽ വരുന്ന വ്യതിയാനങ്ങളാണ് PCOS എന്ന അസുഖത്തിന് കാരണം. PCOS മൂലം ശരീരത്തിൽ 'ഇൻസുലിൻ റെസിസ്റ്റൻസ്' എന്ന അവസ്ഥ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഈ അവസ്ഥ എന്താണെന്ന് ആദ്യം പറയാം: ഭക്ഷണം കഴിച്ചാൽ രക്തത്തിൽ ഉണ്ടാവുന്ന പഞ്ചസാര തന്മാത്രയെ ദഹിപ്പിക്കുന്നതിനുവേണ്ടിയാണ് പാൻക്രിയാസ് ഇൻസുലിൻ എന്ന ഹോർമോണിനെ ഉൽപാദിപ്പിക്കുന്നത്.
എന്നാൽ, ഇൻസുലിൻ എന്ന ഹോർമോണിന് പഞ്ചസാര തന്മാത്രയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇത്തരത്തിൽ രക്തത്തിലുള്ള പഞ്ചസാര തന്മാത്രകളെ കണ്ടെത്താനും അവയെ ദഹിപ്പിക്കാനും ഇൻസുലിൻ എന്ന ഹോർമോണിന് കഴിയാത്തതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നു. ഒപ്പംതന്നെ ഇൻസുലിന്റെ അളവും കൂടുന്നു. ഇതാണ് PCOS മൂലം ശരീരത്തിൽ സംഭവിക്കുന്നത്.
PCOS ഉള്ള സ്ത്രീകളിൽ കൂടുതൽ വിശപ്പ് കാണാം. മധുരത്തിനോടും ചോറിനോടും പ്രത്യേക താൽപര്യം ഉണ്ടാകും. ഭക്ഷണം കഴിച്ചാൽ അതിനനുസരിച്ചുള്ള ഊർജം ശരീരത്തിൽ ഉൽപാദിപ്പിക്കുകയോ കാണുകയോ ഇല്ല. മേൽപറഞ്ഞ ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഇതിനു കാരണം. ഇതുമൂലം കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായിമാറി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു.
രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടിനിൽക്കുമ്പോൾ അത് ഹൈപോതലാമസ് എന്ന ഗ്രന്ഥിയിൽ താളപ്പിഴ ഉണ്ടാക്കുകയും സ്ത്രീ ഹോർമോണിന് പകരം പുരുഷ ഹോർമോൺ കൂടുതൽ ഉൽപാദിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അേണ്ഡാൽപാദനം നടക്കുമെങ്കിലും പൂർണ വളർച്ചയെത്താതെ അണ്ഡാശയത്തിൽ തന്നെ കുമിളകളായി നിൽക്കുകയാണ് ചെയ്യുക. സ്കാൻ ചെയ്തുനോക്കിയാൽ അണ്ഡാശയത്തിലെ വശങ്ങളിൽ മുത്തുമണി പോലെ തരിതരിയായി പൂർണ വളർച്ചയെത്താത്ത ഈ അണ്ഡങ്ങൾ നിൽക്കുന്നത് കാണാം (necklace pattern). പൂർണ വളർച്ചയെത്താത്തതുകൊണ്ടുതന്നെ മാസത്തിൽ നടക്കേണ്ട അണ്ഡവിസർജനം ഉണ്ടാവുകയും ഇല്ല. അതിനാൽ ഈ അവസ്ഥയുള്ള പെൺകുട്ടികളിൽ ആർത്തവക്രമക്കേടുകൾ ഉണ്ടാവുന്നു. കൂടാതെ, പുരുഷ ഹോർമോണിന്റെ ഉൽപാദനം കാരണം മുഖത്തെ രോമവളർച്ച കൂടുന്നു.
മുടികൊഴിച്ചിലും പൊണ്ണത്തടിയും കുടവയറും ഉണ്ടാകും. തുടയിലും ബട്ടക്‌സിലും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടും. മുഖക്കുരു ഉണ്ടാവുകയും നിറം കുറയുകയും ചെയ്യും. കവിളുകളിലും കഴുത്തിന് പിറകിലും കറുപ്പു നിറം വരും. ശബ്ദത്തിന് വ്യത്യാസം വന്ന് കനമുള്ള ശബ്ദം ആവും.
പാരമ്പര്യമായും ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണവും ഈ അസുഖം കാണാറുണ്ട്. വ്യായാമമില്ലായ്മ, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, സമീകൃതാഹാരത്തിന്റെ കുറവ്, അമിതമായി ഗർഭനിരോധന ഗുളിക കഴിക്കുക, ജങ്ക് ഫുഡ് കഴിക്കുക, ടെൻഷൻ ഇവയെല്ലാം ഈ രോഗാവസ്ഥക്ക് കാരണമായേക്കാം. ഇങ്ങനെയുള്ളവർ ആർത്തവം തുടങ്ങിയിട്ട് ആറുമാസം കൊണ്ടുതന്നെ 10 കിലോ വരെ ശരീരഭാരം കൂടുന്നു. പിന്നീട് ആർത്തവത്തകരാറുകളായി പ്രത്യക്ഷപ്പെടും. രണ്ടോ മൂന്നോ മാസം വൈകിയാവും ആർത്തവം ഉണ്ടാവുക. ആർത്തവം ആയാൽ തന്നെ 15 മുതൽ 20 ദിവസം വരെ ബ്ലീഡിങ് നീണ്ടുനിൽക്കാം. അണ്ഡവിസർജനം ശരിക്ക് നടക്കാത്തതാണ് ഇതിന് കാരണം. വിവാഹം കഴിഞ്ഞാൽ ഇവർക്ക് വന്ധ്യതക്കുള്ള സാധ്യത കൂടുന്നു. ഇനി ഇവർക്ക് ബീജസങ്കലനം നടന്നാലും സൈഗോട്ട് ഗർഭപാത്രത്തിൽ വന്നു പറ്റിപ്പിടിക്കാനുള്ള കഴിവ് വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ത്രീകളിൽ കൂടുതലായി ഗർഭച്ഛിദ്രം സംഭവിക്കും.
PCOS ഉള്ളവർ ശരീരത്തിന്റെ ഭാരം എട്ടുമുതൽ 10 ശതമാനം വരെ കുറച്ചാൽതന്നെ ഈ അസുഖം ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാം. ഇത്തരം ആളുകൾ കുറെ സമയത്തിനുശേഷം രണ്ടോ മൂന്നോ തവണ നന്നായി ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് പെെട്ടന്ന് ദഹിക്കാത്ത ഭക്ഷണം അൽപാൽപമായി കഴിക്കാൻ ശ്രദ്ധിക്കണം. ഫൈബർ നന്നായി അടങ്ങിയിട്ടുള്ള low glycemic index ഉള്ള ഭക്ഷണങ്ങളാണ് ഇത്തരം ആളുകൾ കഴിക്കേണ്ടത്. ഗോതമ്പ്, തവിടുള്ള അരി, ഫ്രൂട്ട്സ് എന്നിവയെല്ലാം കഴിക്കാം. എന്നാൽ ഫ്രൂട്സ് ജ്യൂസ് ആക്കി കഴിക്കുന്നത് ഒഴിവാക്കണം. ബേക്കറി ഉൽപന്നങ്ങൾ, packed foods, trans-fat, artificial sweetners അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. സാലഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക (കടല, പയർ വർഗങ്ങൾ, മുട്ടയുടെ വെള്ള, മീൻ, ഇറച്ചി, പരിപ്പ് എന്നിവ) Omega 3 fatty acid അടങ്ങിയിട്ടുള്ള ബദാം, walnut, അയല, ചൂര, മത്തി എന്നിവയൊക്കെ ഭക്ഷണത്തിൽ നന്നായി ഉൾപ്പെടുത്തുക. തൈര്, മോര് എന്നിവയും നല്ലതാണ്.
PCOS ഉള്ളവരിൽ വിറ്റമിൻ D കുറവായി കാണാറുണ്ട്. 11 മണി മുതൽ മൂന്നു വരെയുള്ള സമയത്തിനിടക്ക് 20 മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളാൻ ഇവർ ശ്രദ്ധിക്കണം. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കം ശീലമാക്കുക. 40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യുക. ഇത്തരം കാര്യങ്ങളെല്ലാം ജീവിതശൈലിയിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ നമുക്ക് ഈ രോഗാവസ്ഥയെ നിയന്ത്രിക്കാം. ബ്ലഡ് ടെസ്റ്റ്, ഫോളിക്കുലർ സ്റ്റഡി, സ്കാനിങ് എന്നിവ നടത്തി അണ്ഡങ്ങളുടെ വളർച്ചയും വിസർജനം നടക്കുന്നുണ്ടോ എന്നുമൊക്കെ അറിയാൻ സാധിക്കും. നേരത്തേ തന്നെ നല്ലൊരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തുടങ്ങിയാൽ PCOS ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്നു നമുക്ക് രക്ഷപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.