അധ്യാപകർ, ട്രാഫിക്​ പൊലീസുകാർ​, വഴിയോരക്കച്ചവടക്കാർ എന്നിവർ തുടങ്ങി ദിവസം മുഴുവൻ നിന്നുകൊണ്ട്​ ജോലിയെടുക്കുന്ന വിഭാഗങ്ങളെ കാത്തിരിക്കുന്ന ഒരു ആരോഗ്യപ്രശ്​നമാണ്​ വെരിക്കോസ് വെയിന്‍ (varicose veins). കാലുകളിലെ രക്തക്കുഴലുകൾ തടിച്ചുവീർത്ത്​ തൊലിപ്പുറമേക്ക്​ കാണുകയും വേദന, ചൊറിച്ചിൽ, ഉണങ്ങാൻ പ്രയാസമുള്ള വൃണങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്​. അമിതഭാരം, പാരമ്പര്യം എന്നിവയും രോഗത്തിന്​ ആക്കംകൂട്ടും.

ഹൃദയത്തിൽനിന്ന്​ പമ്പ്​ ചെയ്യുന്ന രക്​തം ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ രക്തക്കുഴലുകൾ (veins) വഴി സഞ്ചരിച്ച്​ ഹൃദയത്തിൽ തന്നെ തിരിച്ചെത്തുന്നു. ഇതിനിടയിലാണ്​ വൃക്കയിലും മറ്റ്​ അവയവങ്ങളിലൂടെയും ഒഴുകുന്ന രക്​തത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്നതും ശരീരകലകൾക്ക്​​ ആവശ്യമായ ​ഒാക്​സിജനും പോഷകങ്ങളും രക്​തത്തിൽചേരുന്നതും. ഒരു വ്യക്​തിയുടെ ശരീരത്തിൽ കാലുകളിലേക്കുള്ള രക്​തപ്രവാഹം ഭൂമിയുടെ ഗുരുത്വാകർഷണബലം കൊണ്ടുകൂടിയാണ്​ സംഭവിക്കുന്നത്​. ഇങ്ങനെ കാലുകളിലേക്ക്​ എത്തുന്ന രക്​തം തിരികെ ഹൃദയത്തിൽ എത്തുന്നത്​ കാലുകളിലെ മസിലുക​ളുടെ സമ്മർദം അഥവാ മസിൽ പമ്പിങ്​​ ആക്​ഷൻ മൂലമാണ്​. ഇങ്ങനെ ഒഴുകുന്ന രക്​തം ഗുരുത്വാകർഷണംകൊണ്ടുതന്നെ അതേ രക്​തക്കുഴലിലൂടെ തിരി​െക ഒഴുകാതിരിക്കുന്നത്​ വെയിനുകളിൽ വാൽവുകൾ ഉള്ളതുകൊണ്ടാണ്​. ഇൗ വാൾവുകൾ രക്തം താഴേക്ക് വീഴാതെ തടയുന്നു. രക്​തകുഴലുകളിൽ ഇടവിട്ട്​ കാണുന്ന ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകുന്നത്.

ഇത്തരത്തിൽ കാലുകളി​െല തുടകൾ മുതൽ പാദം വരെയുള്ള ഭാഗത്തെ ചര്‍മത്തി​െൻറ അടിയിലെ രക്​തക്കുഴലുകള്‍ തടിച്ചുവീര്‍ത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തം അവിടെ കെട്ടിക്കിടക്കുന്നു. കാലുകൾക്ക്​ പുറമെ പുരുഷന്മാരിൽ വൃഷ്​ണങ്ങളിലും രോഗം പ്രത്യക്ഷപ്പെടാറുണ്ട്​. വാൽവുകൾ തകരാറിലാവുന്നതോടെ അശുദ്ധരക്​തം മുകളിലേക്ക് ഒഴുകാതെ വരുകയും രക്തപ്രവാഹത്തി​െൻറ വേഗം മന്ദീഭവിച്ച്​ കാലുകളിൽതന്നെ കെട്ടിനില്‍ക്കുകയും ചെയ്യുന്നു. ഇൗ അവസ്​ഥയിൽ രക്​തക്കുഴലുകളിൽ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങളെ ബാധിച്ച്​​ അവിടെ അണുബാധയുണ്ടാക്കുന്നു. രക്​തക്കുഴലുകൾ അമിതമായി വീർക്കുകയോ ആ ഭാഗത്ത്​ നഖങ്ങളോ മറ്റ്​ വസ്​തുക്കളോ തട്ടി മുറിവുണ്ടാകു​േമ്പാൾ അത്​ ഉണങ്ങാൻ താമസമുള്ള വ്രണമായിത്തീരുകയും ചെയ്യുന്നു. ​പ്രമേഹരോഗികളിലാണെങ്കിൽ ഇൗ അവസ്​ഥ ദീർഘകാലത്തെ ചികിത്സയിലേക്ക്​ നയിച്ചേക്കും.

സ്​ത്രീകളിൽ ഗർഭാവസ്​ഥയിൽ ഇൗ പ്രശ്​നം കാണാറുണ്ടെങ്കിലും പ്രസവത്തോടെ രോഗം അപ്രത്യക്ഷമാകാറാണ്​ പതിവ്​.


രോഗനിർണയവും ചികിത്സയും

വീനസ് ഡോപ്ലാര്‍ സ്‌കാനിങ്, വീനോഗ്രഫി, സി.ടി.വീനോഗ്രാം, എം.ആര്‍.വീനോഗ്രാം എന്നി പരിശോധനയിലൂടെയാണ്​ രോഗനിർണയം നടത്തുക. രോഗചികിത്സക്ക്​ ഇന്ന്​ നിരവധി മാർഗങ്ങളാണുള്ളത്​. കാലുകളിലെ രക്തപ്രവാഹം വർധിപ്പിക്കാനും വേദന കുറക്കാനുമുള്ള ഒരു മാർഗമാണ്​ കംപ്രഷന്‍ സ്​റ്റോക്കിങ്സ് എന്ന ചികിത്സ. ശാസ്​ത്രീയമായി നിർമിച്ച സോക്​സുകൾ പോലുള്ള ഒന്നാണിത്​. കംപ്രഷന്‍ സ്​റ്റോക്കിങ്ങുകൾ കാലുകളില്‍ തുടര്‍ച്ചയായി സമ്മർദമുണ്ടാക്കുകയും ഇത്തരത്തിലുള്ള സമ്മർദത്തെതുടർന്ന്​ രക്​തപ്രവാഹം വർധിക്കുകയും ചെയ്യും.

മറ്റൊരു മാർഗം ശസ്ത്രക്രിയയാണ്​. ശക്​ത്രക്രിയയിലൂടെ രോഗം ബാധിച്ച രക്​തക്കുഴലുകൾ മുറിച്ചുനീക്കുകയോ രക്തമെത്തുന്ന മാര്‍ഗം അടക്കുകയോ ചെയ്യും. രോഗബാധയുള്ള രക്​തക്കഴലുകളെ പുറത്തേക്ക്​ എടുത്തുകളയുന്ന രീതിയുമുണ്ട്​.

ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ഒരുതരം ചികിത്സരീതിയാണ് ഇന്‍ജെക്​ഷന്‍ സ്‌ക്ലിറോതെറപ്പി. ഇൗ ചികിത്സയിൽ പ്രത്യേകതരം മരുന്നുകള്‍ കടത്തിവിട്ട്​ രക്തക്കുഴലുകളുടെ ഉൾഭാഗത്തിന്​ മാറ്റങ്ങൾ വരുത്തി കെട്ടിക്കിടക്കുന്ന രക്തം കട്ടിയാക്കുകയും തുടർന്ന്​ രക്​തക്കുഴലുകൾ നശിച്ചുപോകുകയും ചെയ്യും.

ശസ്ത്രക്രിയ ഒഴിവാക്കിയുള്ള മറ്റ്​ ചികിത്സാരീതികളാണ് ആര്‍.എഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ തെറപ്പിയും ലേസര്‍ ചികിത്സയും. രക്​തം കെട്ടിക്കിടക്കുന്ന കുഴലുകളെ കരിച്ചുകളയുന്ന രീതിയാണിത്. റേഡിയോ തരംഗങ്ങളുപയോഗിച്ച്​ കരിച്ചുകളയുന്നതിനെ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ തെറപ്പി എന്നും ലേസര്‍ രശ്മികൾ ഉപയോഗിക്കുന്നതിനെ ലേസര്‍ ചികിത്സ എന്നും വിളിക്കുന്നു. വിശ്രമം തീരെ ആവശ്യമില്ലാത്ത ചികിത്സയായതിനാൽ ഇത്തരം ചികിത്സകൾ ഇ​പ്പോൾ വ്യാപകമായി ആശ്രയിച്ചുവരുന്നുണ്ട്​.

ചെലവേറിയ ഇന്‍ജക്​ഷന്‍ ഗ്ലൂ തെറപ്പി എന്നൊരും ചികിത്സരീതിയും നിലവിലുണ്ട്​. രക്തം കെട്ടിനില്‍ക്കുന്ന രക്​തക്കുഴലുകളെ ഒരുതരം പശകൊണ്ട്​ ഒട്ടിച്ച്​ രക്​തം കട്ടപിടിക്കാൻ ഇടയാക്കുകയും അതുവഴി​ രോഗമുള്ള ഭാഗം ക്രമേണ ദ്രവിച്ച്​ ഇല്ലാതാവുകയും ചെയ്യുന്ന രീതിയാണിത്​.

രോഗം ബാധിച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം ഒരു ജനറൽ സർജനെയോ വാസ്കുലാർ സർജനെയോ സമീപിച്ച്​ അവരുടെ നിർദേശപ്രകാരമാണ്​ ചികിത്സ തേടേണ്ടത്​.

ഇൗ ലക്ഷണങ്ങളെ സൂക്ഷിക്കുക

• രക്​തക്കുഴലുകൾ തടിച്ച് ചുരുണ്ട്​ നീലനിറത്തിലായി വേദന സൃഷ്​ടിക്കുന്നതാണ്​ പ്രധാന ലക്ഷണം.

• രോഗം മൂർച്ഛിക്കുന്നതോടെ കാലുകൾക്ക്​ ഭാരവും അസ്സഹനീയമായ വേദനയും അനുഭവപ്പെടാം.

• തടിച്ചുവീർത്ത രക്​തക്കുഴലുകളിൽ മുറിവുണ്ടായാൽ നിൽക്കാത്ത രക്തപ്രവാഹം ഉണ്ടാവുന്നു​.

• രക്​തക്കുഴലുകൾ തടിച്ചുവീർത്ത ഭാഗത്ത് പുകച്ചിലും കറുത്ത നിറവും ഉണ്ടാവുന്നു.

• എന്തെങ്കിലും രീതിയിൽ രോഗമുള്ള ഭാഗത്ത്​ വ്രണങ്ങള്‍ ഉണ്ടായാൽ ഉണങ്ങാൻ പതിവിലും കവിഞ്ഞ കാലതാമസമുണ്ടാകും. 

Tags:    
News Summary - Varicose veins prevention and prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.