രക്തക്കുഴലുകൾ വീർത്ത് ചുരുളുേമ്പാൾ
text_fieldsഅധ്യാപകർ, ട്രാഫിക് പൊലീസുകാർ, വഴിയോരക്കച്ചവടക്കാർ എന്നിവർ തുടങ്ങി ദിവസം മുഴുവൻ നിന്നുകൊണ്ട് ജോലിയെടുക്കുന്ന വിഭാഗങ്ങളെ കാത്തിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിന്‍ (varicose veins). കാലുകളിലെ രക്തക്കുഴലുകൾ തടിച്ചുവീർത്ത് തൊലിപ്പുറമേക്ക് കാണുകയും വേദന, ചൊറിച്ചിൽ, ഉണങ്ങാൻ പ്രയാസമുള്ള വൃണങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അമിതഭാരം, പാരമ്പര്യം എന്നിവയും രോഗത്തിന് ആക്കംകൂട്ടും.
ഹൃദയത്തിൽനിന്ന് പമ്പ് ചെയ്യുന്ന രക്തം ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് രക്തക്കുഴലുകൾ (veins) വഴി സഞ്ചരിച്ച് ഹൃദയത്തിൽ തന്നെ തിരിച്ചെത്തുന്നു. ഇതിനിടയിലാണ് വൃക്കയിലും മറ്റ് അവയവങ്ങളിലൂടെയും ഒഴുകുന്ന രക്തത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്നതും ശരീരകലകൾക്ക് ആവശ്യമായ ഒാക്സിജനും പോഷകങ്ങളും രക്തത്തിൽചേരുന്നതും. ഒരു വ്യക്തിയുടെ ശരീരത്തിൽ കാലുകളിലേക്കുള്ള രക്തപ്രവാഹം ഭൂമിയുടെ ഗുരുത്വാകർഷണബലം കൊണ്ടുകൂടിയാണ് സംഭവിക്കുന്നത്. ഇങ്ങനെ കാലുകളിലേക്ക് എത്തുന്ന രക്തം തിരികെ ഹൃദയത്തിൽ എത്തുന്നത് കാലുകളിലെ മസിലുകളുടെ സമ്മർദം അഥവാ മസിൽ പമ്പിങ് ആക്ഷൻ മൂലമാണ്. ഇങ്ങനെ ഒഴുകുന്ന രക്തം ഗുരുത്വാകർഷണംകൊണ്ടുതന്നെ അതേ രക്തക്കുഴലിലൂടെ തിരിെക ഒഴുകാതിരിക്കുന്നത് വെയിനുകളിൽ വാൽവുകൾ ഉള്ളതുകൊണ്ടാണ്. ഇൗ വാൾവുകൾ രക്തം താഴേക്ക് വീഴാതെ തടയുന്നു. രക്തകുഴലുകളിൽ ഇടവിട്ട് കാണുന്ന ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകുന്നത്.
ഇത്തരത്തിൽ കാലുകളിെല തുടകൾ മുതൽ പാദം വരെയുള്ള ഭാഗത്തെ ചര്‍മത്തിെൻറ അടിയിലെ രക്തക്കുഴലുകള്‍ തടിച്ചുവീര്‍ത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തം അവിടെ കെട്ടിക്കിടക്കുന്നു. കാലുകൾക്ക് പുറമെ പുരുഷന്മാരിൽ വൃഷ്ണങ്ങളിലും രോഗം പ്രത്യക്ഷപ്പെടാറുണ്ട്. വാൽവുകൾ തകരാറിലാവുന്നതോടെ അശുദ്ധരക്തം മുകളിലേക്ക് ഒഴുകാതെ വരുകയും രക്തപ്രവാഹത്തിെൻറ വേഗം മന്ദീഭവിച്ച് കാലുകളിൽതന്നെ കെട്ടിനില്‍ക്കുകയും ചെയ്യുന്നു. ഇൗ അവസ്ഥയിൽ രക്തക്കുഴലുകളിൽ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങളെ ബാധിച്ച് അവിടെ അണുബാധയുണ്ടാക്കുന്നു. രക്തക്കുഴലുകൾ അമിതമായി വീർക്കുകയോ ആ ഭാഗത്ത് നഖങ്ങളോ മറ്റ് വസ്തുക്കളോ തട്ടി മുറിവുണ്ടാകുേമ്പാൾ അത് ഉണങ്ങാൻ താമസമുള്ള വ്രണമായിത്തീരുകയും ചെയ്യുന്നു. പ്രമേഹരോഗികളിലാണെങ്കിൽ ഇൗ അവസ്ഥ ദീർഘകാലത്തെ ചികിത്സയിലേക്ക് നയിച്ചേക്കും.
സ്ത്രീകളിൽ ഗർഭാവസ്ഥയിൽ ഇൗ പ്രശ്നം കാണാറുണ്ടെങ്കിലും പ്രസവത്തോടെ രോഗം അപ്രത്യക്ഷമാകാറാണ് പതിവ്.
രോഗനിർണയവും ചികിത്സയും
വീനസ് ഡോപ്ലാര്‍ സ്‌കാനിങ്, വീനോഗ്രഫി, സി.ടി.വീനോഗ്രാം, എം.ആര്‍.വീനോഗ്രാം എന്നി പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുക. രോഗചികിത്സക്ക് ഇന്ന് നിരവധി മാർഗങ്ങളാണുള്ളത്. കാലുകളിലെ രക്തപ്രവാഹം വർധിപ്പിക്കാനും വേദന കുറക്കാനുമുള്ള ഒരു മാർഗമാണ് കംപ്രഷന്‍ സ്റ്റോക്കിങ്സ് എന്ന ചികിത്സ. ശാസ്ത്രീയമായി നിർമിച്ച സോക്സുകൾ പോലുള്ള ഒന്നാണിത്. കംപ്രഷന്‍ സ്റ്റോക്കിങ്ങുകൾ കാലുകളില്‍ തുടര്‍ച്ചയായി സമ്മർദമുണ്ടാക്കുകയും ഇത്തരത്തിലുള്ള സമ്മർദത്തെതുടർന്ന് രക്തപ്രവാഹം വർധിക്കുകയും ചെയ്യും.
മറ്റൊരു മാർഗം ശസ്ത്രക്രിയയാണ്. ശക്ത്രക്രിയയിലൂടെ രോഗം ബാധിച്ച രക്തക്കുഴലുകൾ മുറിച്ചുനീക്കുകയോ രക്തമെത്തുന്ന മാര്‍ഗം അടക്കുകയോ ചെയ്യും. രോഗബാധയുള്ള രക്തക്കഴലുകളെ പുറത്തേക്ക് എടുത്തുകളയുന്ന രീതിയുമുണ്ട്.
ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ഒരുതരം ചികിത്സരീതിയാണ് ഇന്ജെക്ഷന് സ്‌ക്ലിറോതെറപ്പി. ഇൗ ചികിത്സയിൽ പ്രത്യേകതരം മരുന്നുകള്‍ കടത്തിവിട്ട് രക്തക്കുഴലുകളുടെ ഉൾഭാഗത്തിന് മാറ്റങ്ങൾ വരുത്തി കെട്ടിക്കിടക്കുന്ന രക്തം കട്ടിയാക്കുകയും തുടർന്ന് രക്തക്കുഴലുകൾ നശിച്ചുപോകുകയും ചെയ്യും.
ശസ്ത്രക്രിയ ഒഴിവാക്കിയുള്ള മറ്റ് ചികിത്സാരീതികളാണ് ആര്‍.എഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ തെറപ്പിയും ലേസര്‍ ചികിത്സയും. രക്തം കെട്ടിക്കിടക്കുന്ന കുഴലുകളെ കരിച്ചുകളയുന്ന രീതിയാണിത്. റേഡിയോ തരംഗങ്ങളുപയോഗിച്ച് കരിച്ചുകളയുന്നതിനെ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ തെറപ്പി എന്നും ലേസര്‍ രശ്മികൾ ഉപയോഗിക്കുന്നതിനെ ലേസര്‍ ചികിത്സ എന്നും വിളിക്കുന്നു. വിശ്രമം തീരെ ആവശ്യമില്ലാത്ത ചികിത്സയായതിനാൽ ഇത്തരം ചികിത്സകൾ ഇപ്പോൾ വ്യാപകമായി ആശ്രയിച്ചുവരുന്നുണ്ട്.
ചെലവേറിയ ഇന്ജക്ഷന് ഗ്ലൂ തെറപ്പി എന്നൊരും ചികിത്സരീതിയും നിലവിലുണ്ട്. രക്തം കെട്ടിനില്‍ക്കുന്ന രക്തക്കുഴലുകളെ ഒരുതരം പശകൊണ്ട് ഒട്ടിച്ച് രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും അതുവഴി രോഗമുള്ള ഭാഗം ക്രമേണ ദ്രവിച്ച് ഇല്ലാതാവുകയും ചെയ്യുന്ന രീതിയാണിത്.
രോഗം ബാധിച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം ഒരു ജനറൽ സർജനെയോ വാസ്കുലാർ സർജനെയോ സമീപിച്ച് അവരുടെ നിർദേശപ്രകാരമാണ് ചികിത്സ തേടേണ്ടത്.
ഇൗ ലക്ഷണങ്ങളെ സൂക്ഷിക്കുക
• രക്തക്കുഴലുകൾ തടിച്ച് ചുരുണ്ട് നീലനിറത്തിലായി വേദന സൃഷ്ടിക്കുന്നതാണ് പ്രധാന ലക്ഷണം.
• രോഗം മൂർച്ഛിക്കുന്നതോടെ കാലുകൾക്ക് ഭാരവും അസ്സഹനീയമായ വേദനയും അനുഭവപ്പെടാം.
• തടിച്ചുവീർത്ത രക്തക്കുഴലുകളിൽ മുറിവുണ്ടായാൽ നിൽക്കാത്ത രക്തപ്രവാഹം ഉണ്ടാവുന്നു.
• രക്തക്കുഴലുകൾ തടിച്ചുവീർത്ത ഭാഗത്ത് പുകച്ചിലും കറുത്ത നിറവും ഉണ്ടാവുന്നു.
• എന്തെങ്കിലും രീതിയിൽ രോഗമുള്ള ഭാഗത്ത് വ്രണങ്ങള്‍ ഉണ്ടായാൽ ഉണങ്ങാൻ പതിവിലും കവിഞ്ഞ കാലതാമസമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.