പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
പ്രമേഹരോഗികളിൽ പാദരോഗ സാധ്യത 20 ശതമാനവും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നതിനുള്ള സാധ്യത 30 ശതമാനവുമാണ്. ഇന്ത്യയിൽ നടക്കുന്ന പല അംഗച്ഛേദന ശസ്ത്രക്രിയകൾക്കും കാരണം ഡയബറ്റിസ് മൂലം കാലുകളിൽ ഉണ്ടാകുന്ന വ്രണങ്ങളാണ്.
പ്രമേഹമുള്ള ഒരു വ്യക്തി അവരുടെ കാലുകൾ വളരെയേറെ ശ്രദ്ധിക്കണം. കാരണം കാലിൽ ഒരു ചെറിയ മുറിവുതന്നെ മതി അവരുടെ പ്രശ്നങ്ങൾ വർധിപ്പിക്കാൻ. പ്രമേഹം ബാധിച്ചാൽ പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. അങ്ങനെ പാദങ്ങളിൽ മരവിപ്പുണ്ടാകുന്നു. പ്രാരംഭഘട്ടത്തിൽ വേദന ഉണ്ടാകില്ല, പക്ഷേ അത് ക്രമേണ വർധിക്കുകയും കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ കാൽ മുറിച്ചുമാറ്റുന്നതിലേക്കുവരെ നയിച്ചേക്കാം. എത്രയും വേഗം ചികിത്സ തേടുന്നത് അണുബാധയിൽനിന്ന് രക്ഷനേടാൻ സഹായിക്കും. പ്രമേഹരോഗിയിൽ പാദരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നത് പ്രധാനമായും ഇങ്ങനെയാണ്:
പ്രമേഹംമൂലം ചെറുകുഴലുകൾ അടയുമ്പോൾ ഓക്സിജൻ ലഭ്യത കുറയുന്നു. തുടർന്ന് മുറിവുകൾ ഉണങ്ങാൻ വൈകുകയും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. നടക്കുമ്പോൾ കാലിൽ ഉണ്ടാകുന്ന വേദന, ചർമനിറം മാറ്റം, മർദം, വിരലുകളിൽ കറുപ്പുനിറം, ഉണങ്ങാത്ത വ്രണങ്ങൾ, ഇവ രക്തയോട്ടക്കുറവിന്റെ ലക്ഷണങ്ങളാണ്.
നാഡികളുടെ ശേഷിക്കുറവുമൂലം പാദങ്ങളിൽ തഴമ്പുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം പാദത്തിനടിയിൽ സാധാരണമല്ലാത്ത സമ്മർദകേന്ദ്രങ്ങളും രൂപംകൊള്ളും. നാഡികളുടെ പ്രവർത്തനക്കുറവിനെ തുടർന്നുള്ള മരവിപ്പുമൂലം വേദന, ചൂട്, തണുപ്പ് ഇവയൊന്നും രോഗിക്ക് തിരിച്ചറിയാനാവുകയില്ല. അനിയന്ത്രിതമായ പ്രമേഹമുള്ളവർ ശരീരഭാഗങ്ങൾ മുറിഞ്ഞാലോ വ്രണങ്ങൾ രൂപപ്പെട്ടാലോ പലപ്പോഴും തിരിച്ചറിയാറില്ല.
പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല, നിങ്ങളുടെ പാദങ്ങളിലെ രക്തചംക്രമണത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കാലുകൾക്ക് വ്രണങ്ങളും പരിക്കുകളും ഉണ്ടാക്കുന്നു.
പാദസംരക്ഷണം ഇങ്ങനെ
1. അണുബാധ തടയൽ
അണുബാധക്കുള്ള സാധ്യത ഒഴിവാക്കാൻ ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സ വേണം. ഒരു അണുബാധ വികസിച്ചുകഴിഞ്ഞാൽ, അവസ്ഥയുടെ സങ്കീർണതകൾ വർധിക്കുന്നു. അൾസർ വൃത്തിയാക്കി ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക, അൾസറിന് ചുറ്റുമുള്ള ചർമം അണുമുക്തമാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയിലൂടെ നമുക്ക് അണുബാധ ഒഴിവാക്കാം.
2. മരുന്നുകൾ
ആൻറിബയോട്ടിക്കുകൾ, ആന്റി പ്ലേറ്റ് ലെറ്റുകൾ, ആൻറി ഡയബറ്റിക്സ് തുടങ്ങിയവ ഉപയോഗിച്ചുള്ള മെഡിക്കൽ ചികിത്സയും നിങ്ങളുടെ ഡോക്ടറുടെ കുറിപ്പടിയോടെ ഏറ്റെടുക്കാം.
3. വൂണ്ട് ഓഫ്്ലോഡിങ്
രോഗംബാധിച്ച കാൽ/കാലിൽനിന്ന് ഭാരം കുറക്കുക എന്നതാണ് മുറിവ് ഓഫ്്ലോഡിങ്ങിന്റെ ഉദ്ദേശ്യം. കാലിൽനിന്ന് സമ്മർദം അകറ്റിനിർത്തുകയും അതുവഴി വീണ്ടെടുക്കൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യലാണ് വൂണ്ട് ഓഫ്്ലോഡിങ്
4. ഡീപ്രൈമെന്റ് & ഡ്രസിങ്
ഇത് വ്രണമുള്ള ഭാഗത്തുനിന്ന് ചത്ത ചർമവും ടിഷ്യുവും നീക്കംചെയ്യുന്നു
5. ഭക്ഷണം
സമീകൃതാഹാരവും മതിയായ പോഷകാഹാരവും പ്രമേഹരോഗികളുടെ മുറിവുകൾ സുഖപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗിക്ക് ആവശ്യമായ അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണമാണ് നൽകേണ്ടത്. ഭക്ഷണത്തിൽ വിറ്റമിൻ സി, വിറ്റമിൻ എ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.