എല്ലാറ്റിനും മരുന്നല്ല പരിഹാരം

വാർധക്യം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘട്ടവും ഒളിച്ചോടാൻ കഴിയാത്ത യാഥാർഥ്യവുമാണ്. ജീവിതത്തിലെ അവസാനകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവശതയും രോഗാതുരതയുമാണ് മനസ്സിലെത്തുക. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാതാപിതാക്കളെ കുറിച്ചുള്ള കുശലാന്വേഷണങ്ങൾ എപ്പോഴും തുടങ്ങുന്നത് ‘അസുഖമൊന്നുമില്ലല്ലോ' എന്ന ചോദ്യത്തോടെയായിരിക്കും. പ്രസരിപ്പിന്റെയും ചുറുചുറുക്കിന്റെയും യൗവനകാലത്തുനിന്ന് അവശതയുടെയും അസ്വസ്ഥതകളുടെയും വാർധക്യത്തിലേക്കുള്ള ചുവടുമാറ്റം ആശങ്കയോടെയും തെല്ല് ഭയത്തോടെയുമായിരിക്കും മിക്കവരും നേരിടുക. ചുരുക്കത്തിൽ ശാരീരിക-മാനസിക അവശതകളുടെ കാലമാണിത്.

പ്രായമാകാത്ത മനസ്സ്

വാർധക്യം എന്ന അവസ്ഥയെ നമുക്ക് പലപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്തത് ശരീരത്തിന് പ്രായമാകുന്ന വേഗത്തിൽ മനസ്സിന് പ്രായമാകാത്തതുകൊണ്ടാണ്. 75 വയസ്സായ ഒരാളുടെ മനസ്സിന് അത്രക്ക് പ്രായമായിരിക്കണമെന്നില്ല. പക്ഷേ, വ്യക്തിയുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ഈ പ്രായം കടന്നുകഴിഞ്ഞിരിക്കും. മുക്കാൽ നൂറ്റാണ്ടു കാലത്തെ വിശ്രമമില്ലാത്ത നിരന്തര പ്രവർത്തനം അവയിൽ പലതിനെയും ക്ഷീണിപ്പിച്ചിട്ടുമുണ്ടാവും. പാരമ്പര്യമായി ലഭിച്ച ആരോഗ്യം, തൊഴിൽ, ജീവിതശൈലി, മാനസിക ആരോഗ്യം, ഇക്കാലത്തിനിടെ ശരീരത്തെ ബാധിച്ച രോഗങ്ങൾ, അപകടങ്ങളെ തുടർന്നുള്ള ക്ഷതങ്ങൾ, ലഹരിയുപയോഗം തുടങ്ങിയവയുടെ ഏറ്റക്കുറച്ചിലനുസരിച്ചായിരിക്കും വാർധക്യകാലത്തെ ആരോഗ്യത്തിന്റെ അവസ്ഥ. 

 

രോഗങ്ങളെ നിയ​ന്ത്രിക്കൽ പ്രധാനം

വൈദ്യശാസ്ത്രം ഇന്ന് എത്തിപ്പിടിച്ച എല്ലാ നേട്ടങ്ങളും ഉപയോഗപ്പെടുത്തിയാലും വാർധക്യത്തെയും ഒരുപരിധിക്കപ്പുറം അതിജീവിക്കാനാവില്ല. അതേസമയം, വാർധക്യകാല രോഗങ്ങളെ മുഴുവനായി ചികിത്സിച്ചു മാറ്റാനാവില്ലെങ്കിലും നിയന്ത്രിച്ചുനിർത്താനാവും. അവ സൃഷ്ടിക്കുന്ന പ്രയാസങ്ങളെ ലഘൂകരിക്കാനുമാവും. വേദനകളും അവശതകളും സഹിക്കാവുന്ന രൂപത്തിലാക്കാം. രോഗങ്ങളുടെ സങ്കീർണതകൾ ഇല്ലാതാക്കി വലിയ പ്രശ്നങ്ങളില്ലാതെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനും ചികിത്സകൾ സഹായിക്കും. അല്ലാതെ ചെറിയ ജലദോഷത്തിനും തുമ്മലിനുമൊക്കെ ആശുപത്രികൾ കയറിയിറങ്ങുകയും നിരന്തരം മരുന്നുകൾ കഴിക്കുകയും പ്രമേഹം, രക്തസ മ്മർദം, സന്ധിവേദനകൾ തുടങ്ങിയ രോഗങ്ങളെ നിശ്ശേഷം മാറ്റിയെടുക്കാമെന്ന് വ്യാമോഹിച്ച് ഡോക്ടർമാരെ മാറിമാറി കാണുകയും ചെയ്യുന്നത് വ്യക്തിയെയും കുടുംബത്തെയും കൂടുതൽ പ്രയാ സത്തിലാക്കാൻ മാത്രമേ ഉപകരിക്കൂ.  

 

മരുന്നുകൾ സൂക്ഷിച്ചുപയോഗിക്കുക

ജീവിതശൈലി ക്രമീകരണം, ഭക്ഷണ നിയന്ത്രണം, നടത്തം പോലുള്ള മിതമായ വ്യായാമം, മനസ്സിനും ശരീരത്തിനും വിശ്രാന്തി ലഭിക്കുന്ന യോഗ പോലുള്ള റിലാക്സേഷൻ രീതികൾ, മാനസികോല്ലാസം ലഭിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ കൊണ്ട് രോഗങ്ങളെ നിയന്ത്രിക്കുകയും ലഘൂകരിക്കുകയും ചെയ്യുകയാണ് അഭികാമ്യം. ഇതിനുപകരം തൊട്ടതിനും പിടിച്ചതിനും ഔഷധങ്ങളെ ആശ്രയിക്കുന്നത് ആശാസ്യമല്ല എന്നുമാത്രമല്ല അപകടം കൂടിയാണ്.

പ്രായമാകുമ്പോൾ സ്വാഭാവികമായി വരുന്ന രോഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളായിരിക്കും മിക്കവരെയും വലക്കുന്നത്. ഇതോടൊപ്പം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഖ്യ ധാരയിൽ നിന്ന് പാർശ്വവത്കരിക്കപ്പെടുക കൂടിയാവുമ്പോഴുണ്ടാവുന്ന ഒറ്റപ്പെടലും മരണഭയവും വൃദ്ധരെ നിരന്തരം ചികിത്സ തേടാനും ആശുപത്രിവാസത്തിനും പ്രേരിപ്പിച്ചേക്കാം. ക്രമേണ ആവശ്യത്തിനും അല്ലാതെയും മരുന്നുകൾ കഴിക്കുന്ന ശീലത്തിന് അവർ വിധേയരാവുന്നു.

ഏതു രോഗത്തിനുള്ള മരുന്നുകളാണെങ്കിലും അത് വിദഗ്ധനായ ഒരു ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ നിർദേശിക്കുന്ന കാലയളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. അല്ലാതെ, ഒരു തവണ വേദനക്ക് കുറിച്ചുതന്ന മരുന്ന് പിന്നീട് വേദന വരുമ്പോഴൊക്കെ മെഡിക്കൽ ഷോപ്പിൽ നേരിട്ടുപോയി വാങ്ങിക്കഴിക്കുന്നത് പോലുള്ള ശീലം തീർത്തും അപകടം ചെയ്യും. മരുന്നുകൾ നിർദേശിക്കുമ്പോൾ അവകൊണ്ടുണ്ടാകുന്ന മെച്ചങ്ങളും ദോഷങ്ങളും രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കും വിശദമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. യഥാർഥത്തിൽ ഔഷധ ഉപയോഗത്തോടൊപ്പം മാനസിക-വൈകാരിക പിന്തുണയും സ്നേഹം നിറഞ്ഞ പരിചരണവും ചേർന്നുള്ള ചികിത്സാരീതിയാണ് വയോജനങ്ങൾക്കാവശ്യം. 

 

വാർധക്യം ‘സമ്മാനിക്കുന്ന’ രോഗങ്ങൾ

  • പ്രായമാകുന്നതോടെ ഒരു വ്യക്തിയുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തന ശേഷി കുറയും. പഞ്ചേന്ദ്രിയങ്ങളുടെ വൃദ്ധിക്ഷയമാണ് ഇതിൽ പ്രധാനം. തലച്ചോർ, നാഡീവ്യൂഹം എന്നിവക്ക് സംഭവിക്കുന്ന തകരാറുകളുടെ ഭാഗമായി ഓർമക്കുറവ്, വിഷാദം, പാർക്കിൻസോണിസം, വിവിധയിനം സ്ട്രോക്കുകൾ, അർബുദബാധ എന്നിവയുണ്ടാവും.
  • ഹൃദയം, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളെ തുടർന്ന് ഹൃദയാഘാതം, ഹൃദയപേശി രോഗങ്ങൾ, ഹൃദയ പരാജയം, പല കാരണങ്ങളാലുള്ള ന്യൂമോണിയ എന്നിവക്ക് സാധ്യതയേറെയാണ്.
  • ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുന്നതുമൂലം ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ ന്യൂമോണിയ, ​േക്രാണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസ്, അർബുദം എന്നിവയാണ് പ്രായമായവരിൽ കണ്ടുവരുന്ന ശ്വാസകോശ പ്രശ്നങ്ങൾ.
  • വയറിനെയും ദഹനേന്ദ്രിയത്തെയും ബാധിക്കുന്ന അസുഖങ്ങളും പ്രായം കൂടുന്തോറും കൂടിവരുന്നതായാണ് കണ്ടുവരുന്നത്. ഈ അവയവങ്ങളുടെ പ്രവർത്തനത്തെ പ്രായം ബാധിക്കുമ്പോൾ അത് നെഞ്ചെരിച്ചിൽ, ആമാശയപ്പുണ്ണ്, ലിവർ സീറോസിസ്, മലബന്ധം, അർബുദം എന്നിവയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
  • എല്ലുകളുടെ തേയ്മാനം മൂലം കൈകാലുകൾക്കും സന്ധികൾക്കും വേദന, ഓസ്റ്റ്യോ ആർത്രൈറ്റിസ്, സ്പോൺഡിലോസിസ്, വീഴ്ചകൾ മൂലവും മറ്റും സംഭവി ക്കുന്ന വിവിധയിനം ഒടിവുകൾ തുടങ്ങിയവയാണ് ജീവിത സായാഹ്നത്തിൽ നേരിടേണ്ടിവരുന്ന അസ്ഥിസംബന്ധമായ രോഗാവസ്ഥകൾ. ഇടുപ്പെല്ലിന് സംഭവിക്കുന്ന പൊട്ടലുകളും പ്രായമായ സ്ത്രീകളിൽ സാധാരണമാണ്.
  • മൂത്രാശയ രോഗങ്ങളാണ് വാർധക്യത്തിന് വെല്ലുവിളിയുയർത്തുന്ന മറ്റൊരസുഖം. പുരുഷന്മാരിൽ പുരുഷഗ്രന്ഥിക്കുണ്ടാവുന്ന വീക്കം, അർബുദം എന്നിവയും സ്ത്രീകളിൽ ഗർഭപാത്രം താഴേക്ക് ഇറങ്ങിവരുന്ന അവസ്ഥ, അത് മൂത്രാശയത്തെയും മലാശയത്തെയും ബാധിക്കുന്ന അവസ്ഥ എന്നിവയുമുണ്ടാവുന്നു. സ്ത്രീ-പുരുഷ ഭേദമന്യ മൂത്രാശയ അണുബാധയും ഇടക്കിടെയുണ്ടാവാം.
  • പ്രമേഹം, രക്തസമ്മർദം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, ദന്തക്ഷയം, ഓർമക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയവയും വാർധക്യരോഗങ്ങളിൽ സാധാരണമാണ്. ഇതിനുപുറമെയാണ് പ്രതിരോധ ശേഷി കുറഞ്ഞതുമൂലം പിടിപെടുന്ന പകർച്ചവ്യാധികൾ.
Tags:    
News Summary - Medicine is not the cure-all

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.