കോട്ടയം: വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് (23) ഇനി ഏഴ് പേര്‍ക്ക് പുതുജീവിതമാകുന്നു. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിന് തയാറാകുകയായിരുന്നു.
തീവ്ര ദു:ഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികള്‍ക്ക് വേണ്ടി നന്ദിയുമറിയിക്കുന്നു. കൈലാസ് നാഥിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെ തുടര്‍ന്നാണ് കൈലാസ് നാഥിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു. മസ്തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്‍കി.
കരളും, രണ്ട് കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതോടെ നാല് കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയകകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.