നടന്ന് തടയാം അൽഷിമേഴ്സിനെ...; നടത്തം മസ്തിഷ്‍ക ആരോഗ്യം വർധിപ്പിക്കുമെന്ന് പഠനം

നടക്കുന്നത് മസ്തിഷ്‍ക ആരോഗ്യം വർധിപ്പിക്കുമെന്ന് യൂനിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പുതിയ പഠനം. നടത്തം മൂന്ന് മസ്തിഷ്ക ശൃംഖലകൾക്കിടയിലുള്ള ബന്ധം വർധിപ്പിക്കും. അതിലൊരു ശൃംഖല അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ടതാണ്.

ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസിൽ ഈ മാസമാണ് പഠനം പ്രസിദ്ധീകരിച്ചത്. സാധാരണ നിലയിലുള്ള പ്രായമായവരുടെയും, നേരിയ ഓർമക്കുറവുള്ളവരുടെയും മസ്തിഷ്‌കത്തിന്റെ ഓർമ്മിക്കാനുള്ള കഴിവുകളാണ് പഘന വിധേയമാക്കിയത്.

നേരിയ ഓർമക്കുറവും അൽഷിമേഴ്‌സും ഉള്ളവരിൽ കാലക്രമേണ മസ്തിഷ്ക ശൃംഖലകൾ ക്ഷയിക്കുമെന്ന് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പലുമായ ജെ. കാർസൺ സ്മിത്ത് പറഞ്ഞു.

മസ്തിഷ്‍ക ശൃഖലകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടും. തൽഫലമായി ആളുകൾക്ക് വ്യക്തമായി ചിന്തിക്കാനും കാര്യങ്ങൾ ഓർമ്മിക്കാനുമുള്ള കഴിവ് നഷ്‌ടപ്പെടുന്നു. എന്നാൽ വ്യായാമങ്ങൾ മസ്തിഷ്‍ക ശൃംഖലകളുടെ ബന്ധം ശക്തിപ്പെടുത്തുന്നുവെന്ന് പഠനത്തിൽ തെളിഞ്ഞിരിക്കുകയാണ്.

നടത്തം തലച്ചോറിലെ രക്ത പ്രവാഹത്തെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും ചെറിയ ഓർമക്കുറവുള്ള പ്രായമായവരിൽ മസ്തിഷ്‍ക പ്രവർത്തനങ്ങളെ എങ്ങനെയാണ് മെച്ചപ്പെടുത്തുകയെന്നും നേരത്തെ സ്മിത്ത് ഒരു പഠനത്തിൽ തെളിയിച്ചിരുന്നു. അതിനെ അടിസ്ഥനമാക്കിയാണ് പുതിയ പഠനം നടത്തിയത്.

71-നും 85-നും ഇടയിൽ പ്രായമുള്ള മുപ്പത്തിമൂന്ന് പേരാണ് പഠനത്തിൽ പ​ങ്കെടുത്തത്. ഇവർ ആഴ്ചയിൽ നാലു ദിവസം വീതം 12 ആഴ്ചയോളം ട്രെഡ്മില്ലിൽ നടന്നു. നടത്തത്തിന് തൊട്ടുമുമ്പ് ചെറുകഥകൾ വായിക്കാനും അവയിൽ ഓർമയുള്ള കാര്യങ്ങളെല്ലാം കഴിയുന്നത്ര ഓർത്ത് പറയാനും ആവശ്യപ്പെട്ടു. ഗവേഷകർ ഇവരുടെ ഫങ്ഷണൽ എം.ആർ.ഐ എടുക്കുകയും അതുവഴി മസ്തിഷ്‍ക ശൃംഖലകളിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും സാധിച്ചു.

12 ആഴ്ചത്തെ വ്യായാമത്തിന് ശേഷം, ഗവേഷകർ പരിശോധനകൾ ആവർത്തിച്ചപ്പോൾ ആളുകൾക്ക് കഥ ഓർത്ത് പറയാനുള്ള കഴിവുകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നു.

ചെറിയ ഓർമക്കുറവുള്ളവരിൽ അൽഷിമേഴ്സ് വരുന്നത് തടയാനോ അത് വൈകിപ്പിക്കാനോ വ്യായാമം ഫലപ്രദമാകുമെന്ന് സ്മിത്ത് വ്യക്തമാക്കി.

Tags:    
News Summary - Walking improves brain connectivity, memory in older adults: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.