വേണം ‘സാർവത്രിക ആരോഗ്യ പരിരക്ഷ’

ആരോഗ്യരംഗത്ത് ഐക്യരാഷ്ട്രസഭ പറഞ്ഞുവെക്കുന്ന വലിയൊരു കാര്യമുണ്ട്. ‘സാർവത്രിക ആരോഗ്യ പരിരക്ഷ’. എന്താണ് സാർവത്രിക ആരോഗ്യ പരിരക്ഷയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുമുണ്ട്. പ്രായമായവർക്കായി എല്ലാ ലോകരാജ്യങ്ങളും നിർബന്ധിതമായിത്തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തണമെന്നതാണ് അതിൽ പ്രധാനം. ഒരു കാരണവശാലും വയോജനങ്ങൾക്ക് കൃത്യമായ ചികിത്സയും പരിചരണവും കിട്ടാതെ പോകരുത് എന്നർഥം.

ഒരു സമൂഹത്തിൽ, അല്ലെങ്കിൽ ഒരു രാജ്യത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ സാധ്യമാക്കുന്നതിന് നിരവധി ഘടകങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അവരുടെ യൂനിവേഴ്സൽ ഹെൽത്ത് കവറേജ് റിപ്പോർട്ടിൽ പറയുന്നത്.

ശക്തവും കാര്യക്ഷമവും നന്നായി പ്രവർത്തിക്കുന്നതുമായ ആരോഗ്യ സംവിധാനം: ജനങ്ങളെ കേന്ദ്രീകരിച്ച് കൃത്യമായ സംയോജിത പരിചരണം വഴി (എച്ച്.ഐ.വി, ക്ഷയം, മലേറിയ, സാംക്രമികമല്ലാത്ത രോഗങ്ങൾ, മാതൃ-ശിശു ആരോഗ്യം എന്നിവക്കുള്ള സേവനങ്ങൾ ഉൾപ്പെടെ) മുൻഗണന നൽകിയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ. ഇത്തരം രോഗങ്ങൾ തടയാൻ ഇതുസംബന്ധിച്ച് ആളുകളിൽ അവബോധമുണ്ടാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുക. ഇതു മുൻനിർത്തി ആരോഗ്യം നിലനിർത്താനും രോഗം തടയാനും ആളുകളെ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ആരോഗ്യപ്രശ്നങ്ങൾ നേരത്തേതന്നെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ് മറ്റൊന്ന്. ഒപ്പം രോഗികളുടെ പുനരധിവാസത്തിനുവേണ്ട സഹായങ്ങൾ നൽകുകയും ചെയ്യണം.

താങ്ങാനാവുന്ന ചെലവുകൾ: ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുമ്പോൾതന്നെ ഇതിന് വരുന്ന ചെലവുകൾ ആളുകൾക്ക് ഉൾക്കൊള്ളാനാകുമോ എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ധനസഹായം ഉൾപ്പെടെ ലഭ്യമാക്കാൻ നടപടികൾ വേണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചികിത്സക്ക് ഒരു തടസ്സമാവരുത്.

ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ തന്നെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള ഏറ്റവും നൂതന സാധ്യതകൾ എല്ലാവർക്കും ഒരുപോലെ ലഭിക്കാനുള്ള നടപടികൾ ഉണ്ടാകണം.

കൃത്യമായി പരിശീലനം ലഭിച്ച, ആത്മാർഥമായി ജോലിചെയ്യുന്ന ആരോഗ്യരംഗത്തെ ഏറ്റവും മികച്ച ആളുകളുടെ സേവനംതന്നെ അടിയന്തര ഘട്ടങ്ങളിൽ ഉറപ്പാക്കണം. വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധചെലുത്തണം.

വിദ്യാഭ്യാസം, ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ആരോഗ്യരംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഭരണകൂടങ്ങൾ കൃത്യമായ ആസൂത്രണത്തോടെതന്നെ ആരോഗ്യരംഗത്തെ മുന്നോട്ടുകൊണ്ടുപോവണം.സാർവത്രിക ആരോഗ്യ പരരക്ഷ എന്നത് ജനങ്ങളെ മുഴുവൻ ലക്ഷ്യംവെച്ചുകൊണ്ടുള്ള വിഷൻ ആണ്. ആരോഗ്യ സേവനങ്ങൾ എല്ലാതലത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ. ആരോഗ്യ സേവനങ്ങൾക്കായി വലിയ തുക കൈയിൽനിന്ന് ചെലവാക്കേണ്ടിവരുന്ന പലർക്കും പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നുണ്ട്.

ഈ അവസ്ഥ മാറാൻ പുതിയ ആരോഗ്യ സംവിധാനങ്ങൾ ഉയർന്നുവരണം. സാർവത്രിക ആരോഗ്യ പരിരക്ഷ എന്നത് സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യ നിർമാർജനത്തിന്റെയുംകൂടി ആണിക്കല്ലാണ്. സാമൂഹിക അസമത്വങ്ങൾ കുറക്കുന്നതിനുള്ള ഒരു ഘടകമായും ഇത് പ്രവർത്തിക്കും. 1948ൽ ലോകാരോഗ്യ സംഘടന ആരോഗ്യം ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയുഷ്മാൻ ഭാരത്

രാജ്യത്ത് 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന പുതിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ. കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെതന്നെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യ പരിരക്ഷാ പദ്ധതിയിലെ വിവരങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട വിവരങ്ങൾ ഇവയാണ്:

ആധാർ കാർഡ് അനുസരിച്ച് 70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷക്ക് അർഹതയുണ്ടാകും.

ആദ്യം പി.എം.ജെ.എ.വൈ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം. ഇതിനകം ആയുഷ്മാൻ കാർഡ് ഉള്ളവർ പോർട്ടലിലോ ആപ്പിലോ വീണ്ടും അപേക്ഷിക്കുകയും പുതിയ കാർഡിനായി ഇ.കെ.വൈ.സി പൂർത്തിയാക്കുകയും വേണം.

എ.ബി.പി.എം.ജെ.എ.വൈയുടെ കീഴിൽ വരുന്ന കുടുംബങ്ങളിലെ 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപവരെ അധിക പരിരക്ഷ ലഭിക്കും.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അല്ലെങ്കിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിക്കുകീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം, എക്സ്-സർവിസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം, ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകൾ ഉപയോഗിക്കുന്ന 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർ നിലവിലെ സ്കീമിൽ ഒന്ന് തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതി തിരഞ്ഞെടുക്കണം.

Tags:    
News Summary - Need 'Universal Health Care'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.