തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമീഷന് ആരോഗ്യമേഖലക്ക് 558.97 കോടി രൂപ അനുവദിച്ചു. കെട്ടിടമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം, രോഗനിര്‍ണയ സംവിധാനങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് ആൻഡ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിര്‍ണയ സൗകര്യങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് ആൻഡ് വെല്‍നസ് കേന്ദ്രങ്ങള്‍ തുടങ്ങിയ പദ്ധതികൾക്കാണ് തുക.
പുതിയ കെട്ടിട നിര്‍മാണത്തിന് മൂന്നുവര്ഷങ്ങളിലാണ് തുക അനുവദിക്കുന്നത്. 513 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55.5 ലക്ഷം വീതവും 13 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി വീതവും അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 5.75 കോടി രൂപ വീതവുമാണ് അനുവദിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 89.18 കോടി രൂപ അനുവദിച്ചു. ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ വഴി 14 തരം പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മറ്റാശുപത്രികളിലും 64 തരം പരിശോധനകളും സജ്ജമാക്കും.
ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ജനകീയാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഹെല്‍ത്ത് ആൻഡ് വെല്നുസ് പ്രവര്‍ത്തനങ്ങള്‍ക്ക് 37.20 കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, രോഗികള്‍ക്കാവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍, ജനകീയാരോഗ്യ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍, വിവര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധവത്കരണം, പരിശീലനം എന്നിവ സാധ്യമാക്കും. നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍, മറ്റാശുപത്രികള് എന്നിവിടങ്ങളില്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ക്കായി 43.84 കോടി രൂപ 93 നഗര ഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.