തിരുവനന്തപുരം: അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (മറവി രോഗം) സര്‍യ സാധാരണമായ കാരണം. അതുകൊണ്ട് തന്നെ ഇത് നേരത്തെ കണ്ടെത്തുവാനും ചികിത്സയിലേയ്ക്ക് എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍കോളേജ് ന്യുറോളോജി, സൈക്യാട്രി വിഭാഗങ്ങള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യുണിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായി ഒരു ദിനമാണ് അല്‍ഷിമേഴ്‌സ് ദിനം. 'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.
മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വെച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ ഒക്കെ ഇതിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേയ്ക്കും എത്തിക്കുവാന്‍ ഈ ലോക അല്‍ഷിമേഴ്‌സ് ദിനത്തില്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.