കോപൻഹേഗൻ: അതിവ്യാപനവുമായി ലോകത്തെ വീണ്ടും മുനയിൽ നിർത്തിയ ഒമിക്രോണിന്റെ ഉപ വകഭേദം ബിഎ.2 പഴയതിനെക്കാൾ പകരാൻ ശേഷിയുള്ളതാണെന്ന് ഡാനിഷ് ഗവേഷക സംഘം. ഡിസംബറിനും ജനുവരിക്കുമിടയിൽ ഡെൻമാർക്കിലെ 8500 കുടുംബങ്ങളിൽ നടത്തിയ പഠനത്തിലാണ് ആദ്യ വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷി ബിഎ.2നുണ്ടെന്ന് കണ്ടെത്തിയത്.
ലോകത്തുടനീളം ഒമിക്രോൺ കേസുകളിൽ 98 ശതമാനവും ബിഎ.1 വകഭേദമാണ്. പിന്നാലെ കണ്ടെത്തിയ ബിഎ.2 വകഭേദം ഡെൻമാർക്ക് ഉൾപ്പെടെ രാജ്യങ്ങളിൽ ആശങ്കയുയർത്തിയിരുന്നു. അതിവ്യാപനത്തോടൊപ്പം വാക്സിൻ പ്രതിരോധത്തെ ഭേദിക്കാനും ബിഎ.2വിന് എളുപ്പം സാധിക്കുമെന്നാണ് സ്റ്റാറ്റൻസ് സിറം ഇൻസ്റ്റിറ്റ്യൂട്ടും മറ്റു മൂന്നു സ്ഥാപനങ്ങളും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് പറയുന്നത്.
33 ശതമാനമാണ് ബിഎ.2വിന്റെ അധിക വ്യാപനശേഷി. ഡെൻമാർക്കിനു പുറമെ യു.എസ്, ബ്രിട്ടൻ, സ്വീഡൻ, നോർവേ രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൻമാർക്കിൽ ഒമിക്രോൺ ബാധിതരിൽ 82 ശതമാനവും ബിഎ.2 വകഭേദം റിപ്പോർട്ട് ചെയ്തവരാണ്.
അതേസമയം, ഒമിക്രോൺ ആദ്യ വകഭേദം പോലെ ഇതിനും പ്രഹരശേഷി കുറവാണെന്നതാണ് ആശ്വാസകരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.