കണ്ണൂർ: പുതുതായി കണ്ടെത്തുന്ന കുഷ്ഠരോഗ ബാധിതരിൽ കുട്ടികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗബാധ തടയാനായി ബാലമിത്ര 2.0 കാമ്പയിൻ നടപ്പാക്കുന്നു. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ കാമ്പയിൻ.
സംസ്ഥാനത്ത് മുൻവർഷങ്ങളിൽ പുതുതായി കണ്ടുപിടിച്ച കുഷ്ഠരോഗബാധിതരിൽ കുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. സമൂഹത്തിൽ സക്രിയ രോഗവ്യാപനം നടന്നുകൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് കുട്ടികളുടെ രോഗബാധ എന്നതിനാലാണ് ബാലമിത്ര 2.0 കാമ്പയിൻ.
രോഗബാധ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ വൈകല്യം സംഭവിക്കാൻ ഇടയാകും. കൂടാതെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗബാധിതരിൽ ഭൂരിഭാഗവും രോഗാണു സാന്ദ്രത കൂടിയ മൾട്ടി ബാസിലറി വിഭാഗത്തിൽ പെടുന്നു. അത്തരം രോഗികൾക്ക് വൈകല്യം വരാനുള്ള സാധ്യത കൂടുതലാണെന്നതിന് പുറമെ അവർ മറ്റുള്ളവർക്ക് രോഗം പകർത്തുകയും ചെയ്യും. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ ജില്ലയിൽ 13 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒമ്പത് പേർക്ക് രോഗാണുസാന്ദ്രത കൂടിയ മൾട്ടി ബാസിലറി വിഭാഗത്തിൽപെടുന്ന കുഷ്ഠ രോഗമാണ്. മൂന്ന് പേർക്ക് രോഗാണുസാന്ദ്രത കുറഞ്ഞ പോസി ബാസിലറി കുഷ്ഠരോഗവും. മറ്റ് വിഭാഗത്തിൽ ഒന്നും. ഇവരെല്ലാവരും മുതിർന്നവരാണ്. നിലവിൽ ജില്ലയിൽ 52 പേർ കുഷ്ഠരോഗ ചികിത്സയിലുണ്ട്. ഇതിൽ 43 കേസ് മൾട്ടി ബാസിലറിയും ഒമ്പത് കേസ് പോസി ബാസിലറിയുമാണ്. ഈ 52 പേരിൽ രണ്ട് രോഗികൾ കുട്ടികളാണ്. ഒന്ന് മൾട്ടി ബാസിലറിയും ഒന്ന് പോസി ബാസിലറിയുമാണ്.
മൈക്കോ ബാക്റ്റീരിയം ലെപ്രേ എന്ന രോഗാണുവാണ് കുഷ്ഠ രോഗം ഉണ്ടാക്കുന്നത്. പ്രധാനമായും വായുവിലൂടെയാണ് ഇത് പകരുന്നത്. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ലക്ഷക്കണക്കിന് രോഗാണുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഈ രോഗാണുക്കൾ ശ്വസിക്കുന്ന ആൾക്ക് രോഗം വരാം.
എന്നാൽ 85-90 ശതമാനം ആളുകൾക്കും കുഷ്ടരോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗ സാധ്യത കുറവാണ്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ രോഗം പ്രത്യക്ഷപ്പെടും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം ശരാശരി മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കും ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ. പ്രധാനമായും ത്വക്കിനെയും നാഡികളെയുമാണ് രോഗം ബാധിക്കുന്നത്.
സ്പർശന ശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിച്ച നാഡികൾ, തിളങ്ങുന്ന ചർമ്മം, കൈ കാലുകളിൽ മരവിപ്പ്, വേദനയില്ലാത്ത മാറാത്ത വ്രണങ്ങൾ, ബലക്ഷയം, വൈകല്യങ്ങൾ എന്നിവയാണ് കുഷ്ഠരോഗ ലക്ഷണങ്ങൾ.
ആറ് മാസം മുതൽ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന വിവിധൗഷധ (എം.ഡി.ടി) എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സ ആരംഭിച്ചാൽ വൈകല്യങ്ങൾ തടയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.