പാലക്കാട്: തെരുവുനായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബർ രോഗം പടരുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും രോഗം പടരുന്നത്. വിറയലും തെന്നിത്തെന്നിയുള്ള നടത്തവുമടക്കമുള്ള രോഗലക്ഷണങ്ങളുള്ള രോഗബാധിതരായ തെരുവുനായ്ക്കള്‍ ചത്തൊടുങ്ങുന്ന സാഹചര്യമാണ്. രോഗം ബാധിച്ച നായ്ക്കളില്‍നിന്ന് പുറപ്പെടുന്ന സ്രവത്തിലൂടെയാണ് പകരുന്നത്. മനുഷ്യരിലേക്ക് ഈ വൈറസ് പകരില്ല. എന്നാൽ തെരുവുനായ്ക്കളില്‍നിന്ന് വളര്‍ത്തുനായ്ക്കളിലേക്കും രോഗംപകരാനുള്ള സാധ്യത കൂടുതലാണ്. രോഗം ബാധിച്ച മൃഗങ്ങള്‍ ക്ഷീണിതരാവുന്നതിനാല്‍ പെട്ടെന്ന് മറ്റ് അസുഖങ്ങള്‍ ബാധിക്കും. ദഹനസംബന്ധമായ രോഗങ്ങളോ ന്യൂമോണിയയോ ആണ് പിടിപെടുക. പാരാമീക്സോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് രോഗകാരി.
ശ്വാനവര്‍ഗത്തില്‍പ്പെട്ട ജീവികളെയാണ് രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്നുമുതല്‍ ആറുദിവസത്തിനുള്ളില്‍ പനി വരും.
ലക്ഷണങ്ങളും പ്രതിരോധവും
പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈന്‍ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ചെറിയ പനിയില്‍ തുടങ്ങി അതികഠിനമായ പനിയും തുടര്‍ന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളില്‍ നിര്‍ജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം. ഒരുമാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസും നല്‍കണം. ശേഷം ഓരോവര്‍ഷവും കുത്തിവെപ്പ് നല്‍കണം. സര്‍ക്കാര്‍ മൃഗാശുപത്രികളില്‍നിന്ന് കനൈന്‍ ഡിസ്റ്റംബര്‍ രോഗത്തിനുള്ള സൗജന്യ കുത്തിവെപ്പില്ല. പുറത്തുനിന്ന് മരുന്നുവാങ്ങി നല്കിയാല് ഡോക്ടര്‍മാര്‍ കുത്തിവെപ്പെടുത്ത് നല്‍കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.